വ്യവസായിയുടേത് കൊലപാതകം; ഭാര്യയും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
text_fieldsബംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായി ബെളഗാവി ജില്ലയിലെ മാലമാരുതി മഹന്തേഷ് ആഞ്ജനേയ നഗർ സ്വദേശി സന്തോഷ് ദുണ്ടപ്പ പദ്മന്നവർ (47) മരിച്ചത് ഹൃദയാഘാതം മൂലമല്ല, ഭാര്യയും രണ്ട് കൂട്ടാളികളും ചേർന്ന് കൊന്നതാണെന്ന് കണ്ടെത്തി. ഭാര്യ ഉമ പദ്മന്നവർ (42), കൂട്ടാളികളായ ശോഭിത് ഗൗഡ, പവൻ എന്നിവരെ മാലമരുതി പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായ മൂത്ത മകൾ സഞ്ജന പദ്മന്നവർ (18) പൊലീസിൽ നൽകിയ പരാതിയാണ് കൊലപാതകം പുറത്താവാനിടയാക്കിയത്. ഈ മാസം ഒമ്പതിന് ഹൃദയാഘാതത്തെതുടർന്ന് മരിച്ചുവെന്ന് ഉമ പറഞ്ഞ ദുണ്ടപ്പയുടെ മൃതദേഹം നേത്രദാനം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാക്കിയശേഷം ലിംഗായത്ത് ആചാരപ്രകാരം സദാശിവനഗർ ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.എന്നാൽ, താൻ എത്തും മുമ്പ് സംസ്കാരം നടത്തിയതിൽ സംശയം തോന്നിയ സഞ്ജന സാഹചര്യങ്ങൾ വിവരിച്ച് പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം മൃതദേഹം അസി. കമീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. വീട്ടിലെത്തി സംഭവദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മാതാവ് ഉമ തന്നെ ശകാരിച്ചതാണ് ദുരൂഹത അനുഭവപ്പെടാൻ കാരണമായതെന്ന് സഞ്ജന പരാതിയിൽ പറഞ്ഞു.
പിന്നീട് നടത്തിയ പരിശോധനയില്‍ മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. തുടർന്നാണ് മാതാവിനെയും രണ്ട് വീട്ടുജോലിക്കാരെയും മറ്റ് രണ്ടുപേരെയും പേരെടുത്ത് പറഞ്ഞ് പരാതി നല്‍കിയത്. താൻ ശ്മശാനത്തിൽനിന്ന് മടങ്ങിയശേഷം, കുളിക്കാൻ പറഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കഴിഞ്ഞില്ല. അജ്ഞാതരായ രണ്ടുപേർ വീടിന് പുറത്തേക്ക് പോകുന്നത് എതിർവീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാനായി. തന്റെ മാതാവ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാതാക്കി. പിതാവ് മരിക്കുമ്പോള്‍ തന്റെ രണ്ട് ഇളയ സഹോദരന്മാരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
സഞ്ജനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസി. കമീഷണർ ശരവണ്‍ കുമാർ, പൊലീസ് ഉദ്യോഗസ്ഥർ, എഫ്.എസ്.എല്‍ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് സന്തോഷ് പദ്മന്നവറിന്റെ മൃതദേഹം പുറത്തെടുത്തത്. ഉമയെ വീട്ടിൽനിന്നും മറ്റു രണ്ടുപേരെ മംഗളൂരുവിൽനിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ബളഗാവി പൊലീസ് കമീഷണർ ഇഡ മാർട്ടിൻ മർബനിയാങ് വെള്ളിയാഴ്ച പറഞ്ഞു. ഉമയും ശോഭിത് ഗൗഡയും തമ്മിലുള്ള അവിഹിതബന്ധമാണ് പിന്നിലെന്ന് കരുതുന്നതായി കമീഷണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.