റിട്ട. അധ്യാപകന്റെ കൊലപാതകം; മലയാളികളായ മരുമകനും പേരക്കുട്ടിയും അറസ്റ്റിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി ബെലാലുവിൽ വിരമിച്ച അധ്യാപകൻ എസ്.പി. ബാലകൃഷ്ണ ബാഡേകില്ലായയെ (83) കൊലപ്പെടുത്തിയ കേസിൽ കാസർകോട് മുള്ളേരിയ സ്വദേശികളായ രണ്ടുപേരെ ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മകളുടെ മകനും അസിസ്റ്റന്റ് പൂജാരിയുമായ കാസർകോട് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളേരിയയിലെ മുരളീകൃഷ്ണ (21), ഇയാളുടെ പിതാവ് കർഷകനും ജ്യോത്സ്യനുമായ രാഘവേന്ദ്ര വി കെഡിലായ (58) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലകൃഷ്ണയെ വീട്ടുവളപ്പിൽ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബാലകൃഷ്ണയുടെ ഭാര്യയും വിരമിച്ച അധ്യാപികയുമായ യു. ലീല (75) നാലുവർഷം മുമ്പ് മരിച്ചിരുന്നു. അവരുടെ സ്വർണാഭരണങ്ങൾ മകളും രാഘവേന്ദ്രയുടെ ഭാര്യയുമായ വിജയലക്ഷ്മിക്ക് നൽകിയിരുന്നില്ല. സ്വത്ത് വിഹിതം പങ്കിടാത്തതിനാൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരണ.
പ്രതികളായ പിതാവും മകനും കാസർകോട്ടെ വീട്ടിൽനിന്ന് സ്കൂട്ടറിലാണ് വെട്ടുകത്തിയുമായി സ്ഥലത്തെത്തിയത്. മുരളീകൃഷ്ണ പിന്നിൽനിന്ന് മുത്തച്ഛന്റെ കഴുത്ത് വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച് മുറ്റത്തേക്ക് ഓടിയ ബാലകൃഷ്ണയെ പ്രതികൾ വെട്ടുകത്തികൊണ്ട് പലതവണ ആക്രമിച്ചു. ധർമസ്ഥാല പൊലീസ് കാസർകോട്ടെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തശേഷമാണ് കൊലപാതകത്തിന് പിന്നിലുള്ള രഹസ്യങ്ങൾ വെളിപ്പെട്ടത്. ബാലകൃഷ്ണയുടെ ചെറുമകൻ സുരേഷ് ഭട്ടിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. വിരമിച്ച അധ്യാപകരായ ബാലകൃഷ്ണ ബാഡേകില്ല-ലീല ദമ്പതികൾക്ക് മൂന്ന് മക്കളാണ്. മൂത്തമകൻ ഹരിഷ് ഭട്ട് ബംഗളൂരുവിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ വിജയലക്ഷ്മി (49) 22 വർഷം മുമ്പാണ് പ്രതി രാഘവേന്ദ്ര കെഡിലായയെ വിവാഹം കഴിച്ചത്. ഈ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് പിതാവിനൊപ്പം അറസ്റ്റിലായത്. സുരേഷ് ഭട്ട് (48) അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.