അസം സ്വദേശിനി വ്ലോഗറുടെ കൊലപാതകം; മലയാളി യുവാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ ജീവനക്കാരിയും വ്ലോഗറുമായിരുന്ന അസം സ്വദേശിനി മായ ഗൊഗോയി (19) കൊല്ലപ്പെട്ട കേസിൽ മലയാളി യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ തോട്ടട കക്കാരക്കൽ ആരവ് ഹനോയിയാണ് (21) അറസ്റ്റിലായത്.
ബംഗളൂരു ഇന്ദിര നഗർ സെക്കൻഡ് സ്റ്റേജിലെ ‘റോയൽ ലിവിങ്സ്’ സർവിസ് അപ്പാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുവാഹതി കൈലാഷ് നഗർ സ്വദേശിയായ മായ ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയും വ്ലോഗറായും പ്രവർത്തിക്കുകയായിരുന്നു. എച്ച്.എസ്.ആർ ലേഔട്ടിൽ സഹോദരിയോടൊപ്പമായിരുന്നു താമസം.ഇതേ ലേഔട്ടിൽ ലിപ്സ് കോളർ ഓവർസീസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആരവ് ആറു മാസത്തോളമായി മായയുമായി അടുപ്പത്തിലായിരുന്നു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇരുവരുടെയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ചയാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. മായയുടെ മൊബൈല്‍ ഫോൺ മുറിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. മായയും ആരവും കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് സർവിസ് അപ്പാർട്മെന്‍റില്‍ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ 8.19ന് പുറത്തുപോയതായാണ് സി.സി.ടി.വി ദൃശ്യം. പിന്നാലെ മുറിയില്‍നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നു.ഞായറാഴ്ച അർധരാത്രി കൊല നടന്നിരിക്കാമെന്നാണ് സൂചന. നൈലോൺ കയർ ഓണ്‍ലൈൻ വഴി വാങ്ങിയതായും പൊലീസ് കണ്ടെത്തി.താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെട്ടത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഓൺലൈനിൽ ബുക്ക് ചെയ്ത് വരുത്തിയ കാറിലാണ് ആരവ് യാത്ര ചെയ്തത്. ഈ കാറിന്റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. മജെസ്റ്റിക് വരെ മൊബൈൽ ഫോൺ ഉപയോഗിച്ച പ്രതി പിന്നീട് സ്വിച്ച് ഓഫ് ചെയ്തു.
കൊല നടന്ന മുറിയിലേക്ക് മറ്റാരും വന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ സൂചനയില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പാർട്ടിയുള്ളതിനാല്‍ വീട്ടില്‍ വരില്ലെന്ന് മായ വെള്ളിയാഴ്ച വിളിച്ചറിയിച്ചിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി. ശനിയാഴ്ചയും വീട്ടിലെത്തില്ലെന്ന് സന്ദേശം അയച്ചു. ആരവിനെക്കുറിച്ച് അന്വേഷിക്കാൻ ബംഗളൂരു ഇന്ദിര നഗർ പൊലീസ് കണ്ണൂരിലെ വീട്ടിലും ചക്കരക്കല്ലിലെ ബന്ധുവീട്ടിലും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.