മഠാധിപതിയിൽനിന്ന് ഫേസ്ബുക് പെൺസുഹൃത്ത് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
text_fieldsബെംഗളൂരു: ഫേസ്ബുക് വഴി പരിചയപ്പെട്ട പെൺസുഹൃത്ത് 48 ലക്ഷം രൂപ തട്ടിയെടുത്തതായി മഠാധിപതിയുടെ പരാതി. ബംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല കമ്പാലു സംസ്‌ഥാന മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്പേട്ട് പൊലീസിൽ പരാതി നൽകിയത്.
വർഷ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതിയാണ് സ്വാമിയെ വഞ്ചിച്ചത്. 2020ലാണ് ‘വർഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറി. ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞ വർഷ, താൻ മംഗളൂരു സ്വദേശിയാണെന്നും മാതാപിതാക്കൾ മരണപ്പെട്ടുവെന്നുമാണ് സ്വാമിയെ ധരിപ്പിച്ചിരുന്നത്. ആത്മീയ സൗഖ്യം തേടിയാണത്രെ സ്വാമിയെ പരിചയപ്പെട്ടത്. ഇരുവരും നിരവധി തവണ വിഡിയോ കോളുകൾ ചെയ്തിരുന്നുവെങ്കിലും വർഷ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.
വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് പലതവണ വിളിച്ചതായി സ്വാമി പരാതിയിൽ പറഞ്ഞു. ഇതുപ്രകാരം 10 ലക്ഷം രൂപ വർഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. പിതാവ് തനിക്ക് വേണ്ടി 10 ഏക്കർ ഭൂമി വിൽപത്രത്തിൽ എഴുതിയിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് മഠത്തിന് നൽകുമെന്നും വർഷ പറഞ്ഞിരുന്നുവത്രെ. അതിനിടെ 2022 ഒക്ടോബറിൽ സ്വാമിയെ മഞ്ജുള ഫോൺ വിളിച്ച്, വിൽപത്രത്തെ ചൊല്ലി വർഷയെ ബന്ധുക്കൾ ആക്രമിച്ചുവെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റ് മത്തികെരെയിലെ ആശുപത്രിയിൽ ഐസിയുവിൽ ആണെന്നും പറഞ്ഞു. വർഷയുടെ ചികിത്സയ്ക്കായി 37 ലക്ഷം രൂപ മഞ്ജുള വാങ്ങിയതായും ചെന്നവീര ശിവാചാര്യ സ്വാമി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
മഞജുളയുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്വാമി തെന്റ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയിൽ അയച്ചപ്പോൾ വർഷ എന്ന പേരിൽ ഒരു രോഗി അവിടെ ഇല്ലെന്നറിഞ്ഞു. തട്ടിപ്പ് മനസ്സിലാക്കിയ ഇദ്ദേഹം മഞ്ജുളയെ വിളിച്ച് പണം തിരികെ നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു. എന്നാൽ, വർഷ ഡിസ്ചാർജ് ആയതാണെന്നും ആശുപത്രി ബില്ലടക്കാൻ താൻ 55 ലക്ഷം രൂപ പലരിൽനിന്നായി വായ്പവാങ്ങിയിട്ടുണ്ടെന്നുമായിരുന്നു മഞ്ജുളയുെ2 മറുപടി. ഉടൻ തന്നെ തന്റെ ബാങ്ക് അക്കൗണ്ടിൽ 55 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാ കുറിപ്പിൽ സ്വാമിയുടെ പേര് എഴുതിവെക്കുമെന്നും മഞ്ജുള ഭീഷണിപ്പെടുത്തി.
ഇതിനുപിന്നാലെ, 2023 ഏപ്രിൽ 23 ന് വൈകീട്ട് 6.30 ഓടെ ആറ് സ്ത്രീകളും ഒരു പുരുഷനും ഇന്നോവയിൽ മഠത്തിലെത്തി. മഞ്ജുള, അവനിക, കാവേരി, പ്രദീപ് നായക്, രശ്മി, മീനാക്ഷി, പ്രേമ എന്നിങ്ങനെയാണ് അവർ പരിചയപ്പെടുത്തിയത്. ഇതിൽ മീനാക്ഷി, കാവേരി, പ്രേമ എന്നിവരിൽ നിന്നാണ് വർഷയുടെ ചികിത്സക്ക് 55 ലക്ഷം രൂപ താൻ കടം വാങ്ങിയതെന്നും അവർക്ക് ഉടൻ പണം തിരിച്ചുകൊടുക്കണമെന്നും മഞ്ജുള സ്വാമിയോട് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വമി നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. മൊത്തം 48 ലക്ഷത്തോളം രൂപയാണ് ഇവർ സ്വാമിയിൽനിന്ന് കൈക്കലാക്കിയത്. ഇതിനുപിന്നാലെയാണ് സ്വാമി പൊലീസിൽ പരാതിപ്പെട്ടത്. മഞ്ജുളക്കെതിരെ മനഃപൂർവം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.