മൈസൂരു-ബംഗളൂരു അതിവേഗപാത ഇന്ന് തുറക്കും
text_fieldsബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത (എൻ.എച്ച് 275) ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 118 കിലോമീറ്ററുള്ള പാതയിലൂടെ മൈസൂരുവിൽനിന്ന് ബംഗളൂരുവിലെത്താൻ ഒന്നരമണിക്കൂർ മതിയാകും. ബംഗളൂരുവിനെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനാളുകൾക്ക് വൻ യാത്രാസൗകര്യമാണ് പാത ഒരുക്കുന്നത്. നിലവിൽ നാലു മണിക്കൂറോളമാണ് യാത്രാസമയം.
8480 കോടി രൂപയാണ് നിർമാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണ് പാതയിലുള്ളത്. പണി പൂർത്തിയായ ഭാഗങ്ങൾ നേരത്തേതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഒമ്പതു വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയുമുണ്ട്. ഞായറാഴ്ച രാവിലെ 11ന് മാണ്ഡ്യ മദ്ദൂർ ഗജ്ജലക്കെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്.
പാതയിലൂടെയുള്ള ടോൾ പിരിവ് മാർച്ച് 14ന് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ബംഗളൂരുവിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവർക്ക് ബിഡദി കനിമിണിക്കെയിലും ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ ഉള്ളത്. ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകൾ വീതമുണ്ടാകും.ഇതോടെ കേരള, കർണാടക ആർ.ടി.സി ബസുകളുടെ ടിക്കറ്റ് നിരക്കും ഉയരും. അതേസമയം, ബംഗളൂരു നഗരത്തിനടുത്ത അതിവേഗപാതയിലെ കമ്പിപുര മുതൽ മാണ്ഡ്യ നിദ്ദഘട്ട വരെയുള്ള 57 കിലോമീറ്ററിലെ പലയിടത്തും സർവിസ് റോഡുകൾ ഇനിയും പൂർത്തിയായിട്ടില്ല.
പാതയിലെ 16 ഇടങ്ങൾ അപകടസാധ്യത മേഖലയാണെന്ന് ദേശീയപാത അതോറിറ്റി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇതിനകം തുറന്ന ഭാഗങ്ങളിലായി കഴിഞ്ഞ ആറു മാസത്തിനിടെ 77 അപകടങ്ങളാണ് നടന്നത്. 28 പേർക്കാണ് ജീവൻ നഷ്ടമായത്. 67 പേർക്ക് പരിക്കേറ്റു. അതിവേഗ പാതയായതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാതയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന്. മൈസൂരു വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിൽ മാണ്ഡ്യ പി.ഇ.എസ് എൻജിനീയറിങ് കോളജ് മൈതാനത്താണ് ഉദ്ഘാടകനായ മോദി ഇറങ്ങുക. പിന്നീട് റോഡ് മാർഗം വേദിയായ മദ്ദൂർ ഗജ്ജലക്കെരെയിൽ എത്തും. മൈസൂരു–കുശാൽനഗർ നാലുവരിപ്പാതയുടെ ശിലാസ്ഥാപനം, മാണ്ഡ്യയിലെ കാവേരി കുടിവെള്ളപദ്ധതി എന്നിവയും മോദി ഉദ്ഘാടനം ചെയ്യും.
ഉച്ച 1.30ന് മൈസൂരുവിൽനിന്ന് വിമാനമാർഗം ഹുബ്ബള്ളിയിലേക്ക് പോകും. മോദിയുടെ സന്ദർശനം പ്രമാണിച്ച് ഞായറാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ബംഗളൂരു-മൈസൂരു ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൈസൂരുവിൽനിന്ന് മാണ്ഡ്യവഴി ബംഗളൂരുവിലേക്കുള്ള വാഹനങ്ങൾ മൈസൂരു-ബന്നൂർ-കിരുഗാവലു-മലവള്ളി-ഹാലഗുർ-കനകപുര വഴിയാണ് പോവേണ്ടത്. ബംഗളൂരുവിൽനിന്ന് മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങൾ ബംഗളൂരു-ചന്നപട്ടണ-ഹാലഗുർ-മലവള്ളി-കിരുഗാവലു-ബന്നൂർ വഴി പോകണം.
മൈസൂരുവിൽനിന്ന് മാണ്ഡ്യ വഴി തുംകുരുവിലേക്കുള്ള വാഹനങ്ങൾ മൈസൂരു-ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ് വഴി പോകണം. തുംകുരുവിൽനിന്ന് മദ്ദൂർ-മാണ്ഡ്യ വഴി മൈസൂരുവിലേക്കുള്ള വാഹനങ്ങൾ തുംകുരു-ബെല്ലൂർ ക്രോസ്-നാഗമംഗള-പാണ്ഡവപുര-ശ്രീരംഗപട്ടണ വഴിയാണ് പോകേണ്ടത്. ബംഗളൂരുവിൽനിന്ന് മദ്ദൂർ വഴി കൊല്ലെഗലിലേക്കുള്ള വാഹനങ്ങൾ ബംഗളൂരു-ചന്നപട്ടണ-ഹാലഗുർ-മലവള്ളി വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.