മൈസൂരു ദസറക്ക് ഉജ്ജ്വല സമാപനം; പ്രദർശനം തുടരും
text_fieldsബംഗളൂരു: ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇമ്പമാർന്ന കാഴ്ചയും അനുഭവവും സമ്മാനിച്ച് മൈസൂരു ദസറക്ക് സമാപനം. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് നടന്ന ജംബൂ സവാരി അത്യാകർഷകമായി. മൈസൂരു കൊട്ടാരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള ബന്നിമണ്ഡലപിലെ ടോർച്ച് ലൈറ്റ് പരേഡ് മൈതാനിയിലേക്കായിരുന്നു ഘോഷയാത്ര. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മൈസൂരു രാജാവ് യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
കോവിഡ് കാരണം രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ഇത്തവണ പൂർണതോതിൽ ജംബൂ സവാരി നടത്തിയത്. ഭീമ, മഹേന്ദ്ര, ധനഞ്ജയ, കാവേരി, ചൈത്ര, അർജുന, ഗോപാലസ്വാമി, അഭിമന്യു, പാർഥസാരഥി, വിജയ, ഗോപി, ശ്രീരാമ, സുഗ്രീവ എന്നീ 13 ആനകളാണ് പങ്കെടുത്തത്. 43 നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച സോമനാഥപുരയിലെ ചന്നകേശവക്ഷേത്രത്തിന്റെ മാതൃകയായിരുന്നു ശ്രദ്ധേയം.
അന്തരിച്ച കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിെന്റ നിശ്ചല ദൃശ്യവും ആകർഷകമായി. ആസാദി ക അമൃത് മഹോൽസവ്, ചാമുണ്ഡിമല, നന്തി പ്രതിമ, ചാമുണ്ഡേശ്വരി ക്ഷേത്രം, ദക്ഷിണ കന്നട ജില്ലയിലെ കമ്പള, ഹാസനിലെ ബേലൂർ, ശ്രാവണബെലഗോള, ബ്രഹ്മഗിരിമല, തലക്കാവേരി, ചാമരാജ്നഗർ വന്യജീവി സങ്കേതം തുടങ്ങിയ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. വൻ ജനക്കൂട്ടമാണ് ജംബൂസവാരി കാണാൻ നഗരത്തിലെത്തിയത്. എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ദസറ പ്രദർശനം മൂന്നു മാസം നീളും. കർണാടക എക്സിബിഷൻ അതോറിറ്റിയാണ് സംഘാടകർ. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനടിക്കറ്റ് നിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.