മുഡ വിവാദം; കൊമ്പുകോർത്ത് കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും
text_fieldsബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പരസ്പരം വാക്ശരമെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും. ഖനന അഴിമതി കേസിൽ എച്ച്.ഡി. കുമാരസ്വാമിയുടെ അറസ്റ്റ് സംബന്ധിച്ച സിദ്ധരാമയ്യയുടെ പരാമർശമാണ് ജെ.ഡി-എസ് കർണാടക അധ്യക്ഷൻ കൂടിയായ കുമാരസ്വാമിയെ ചൊടിപ്പിച്ചത്.
തനിക്ക് പേടിയില്ലെന്നും തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ 100 സിദ്ധരാമയ്യമാർ വേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ബംഗളൂരു ശേഷാദ്രി റോഡിലെ ജെ.ഡി-എസ് ആസ്ഥാനമായ ജെ.പി ഭവനിൽ ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായ് വെങ്കടേശ്വര മിനറൽസ് ഖനന കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. വിവാദ കമ്പനിക്ക് താൻ ഒരു സൂചിപ്പഴുതുപോലും അവസരം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഖനന അനുമതി നൽകിയിട്ടില്ല. സംസ്ഥാനത്തിന് നയാപൈസപോലും നഷ്ടപ്പെട്ടിട്ടില്ല. പിന്നെങ്ങനെ ഈ കേസിൽ തനിക്കെതിരെ ഗവർണറിൽനിന്ന് എസ്.ഐ.ടി വിചാരണ അനുമതി തേടുകയെന്നും കുമാരസ്വാമി ചോദിച്ചു. 100 സിദ്ധരാമയ്യമാരല്ല, കുമാരസ്വാമിയെ അറസ്റ്റ് ചെയ്യാൻ ഒരു കോൺസ്റ്റബ്ളിന്റെ മാത്രം ആവശ്യമേയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ബുധനാഴ്ച കൊപ്പാലിലെ ഗണികരെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമിക്കെതിരായ മറുപടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ഒരു മടിയും കൂടാതെ അറസ്റ്റ് ചെയ്യും. ഗവർണർ വിചാരണ അനുമതി നൽകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. പേടിയില്ലെങ്കിൽ പിന്നെ അക്കാര്യം പറഞ്ഞ് ഇന്ന് അദ്ദേഹം വാർത്തസമ്മേളനം വിളിക്കുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.