മൈസൂരു-ബംഗളൂരു;നോൺസ്റ്റോപ് ബസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടി
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു റൂട്ടിൽ ഓടുന്ന കർണാടക ആർ.ടി.സി നോൺസ്റ്റോപ് ഓർഡിനറി ബസുകളുടെ (ചുവപ്പ് ബസുകൾ) ടിക്കറ്റ് നിരക്കിൽ 15 രൂപയുടെ വർധന. 185 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 200 രൂപയായി. എന്നാൽ, മാണ്ഡ്യ, മദ്ദൂർ, ചന്നപട്ടണ, രാമനഗര എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള എക്സ്പ്രസ് ബസുകളുടെ നിരക്ക് 185 രൂപ തന്നെയാണ്. ഈ റൂട്ടിൽ നോൺ സ്റ്റോപ് ബസുകൾക്ക് വൻ ആവശ്യകതയാണുള്ളത്. ഇതിനാലാണ് ദസറക്ക് ശേഷം ടിക്കറ്റ് നിരക്ക് ഉയർത്തിയതെന്ന് കർണാടക ആർ.ടി.സി അധികൃതർ പറയുന്നു. വനിതകൾക്ക് സൗജന്യ യാത്ര ചെയ്യാനാവുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിന് ശേഷം ഈ റൂട്ടിൽ നോൺസ്റ്റോപ് ബസുകളിലാണ് യാത്രക്കാർ കൂടുതലായും കയറുന്നത്. ഇതിനാൽ മാത്രമാണ് നിരക്ക് വർധനയെന്നും അധികൃതർ പറയുന്നു. മൈസൂരു കെ.എസ്.ആർ.ടി.സി ഡിവിഷൻ 30 ബസുകളിലായി ദിനേന 65 ട്രിപ്പുകളാണ് മൈസൂരു-ബംഗളൂരു റൂട്ടിൽ നടത്തുന്നത്. അതേസമയം, ദേശീയപാതയിലെ ടോൾനിരക്കുകൾ കൂടിയതും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുമാണ് വർധനക്ക് പിന്നിലെന്നും സൂചനയുണ്ട്. എന്നാൽ, രാജഹംസ, ഐരാവത്, ഇ.വി പവർ പ്ലസ്, മറ്റ് എ.സി,നോൺ എ.സി ലക്ഷ്വറി ബസുകളുടെ നിരക്കിൽ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.