കോവിഡ് പരിശോധന മൈസൂരു മൃഗശാല സന്ദർശകർക്ക് കവാടത്തിൽ വൻ കടമ്പ
text_fieldsബംഗളൂരു: മൃഗശാല എന്നറിയപ്പെടുന്ന മൈസൂരു ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിൽ കയറിപ്പറ്റാൻ സന്ദർശകർക്ക് കോവിഡ് പരിശോധന വൻ കടമ്പയാവുന്നതായി ആക്ഷേപം.
കേരളത്തിൽനിന്നുള്ള വിനോദ സഞ്ചാരികളെ ഉന്നമിട്ടാണ് സ്ക്രീനിങ് നടക്കുന്നത്. ക്രിസ്മസ് അവധി അവസാനിക്കാനിരിക്കെ വിവിധ സ്കൂൾ വിദ്യാർഥികളുടെ വിനോദ-പഠന സംഘങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ആരോഗ്യ പ്രവർത്തകരുടെ കൗണ്ടറിലും കവാട പ്രവേശ വഴിയിലും പരിശോധന സംവിധാനം ഒരുക്കി. കവാടത്തിലെ ക്യൂവിൽ സ്ക്രീനിങ്ങിൽ പനി സൂചന ലഭിച്ചാൽ ആരോഗ്യ പ്രവർത്തകരുടെ കൗണ്ടറിലേക്ക് അയക്കുകയാണ്. യന്ത്രങ്ങൾ പണിമുടക്കുന്നതിനാൽ സ്ക്രീനിങ് തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ട്. നീളുന്ന ക്യൂവിലുള്ളവരുടെ അസ്വസ്ഥത മനസ്സിലാക്കി പരിശോധന ഇല്ലാതെയും കടത്തിവിടുകയാണ് ജീവനക്കാർ.
തെർമൽ സ്ക്രീനിങ്ങിന് ആധുനിക യന്ത്രങ്ങൾക്ക് ആവശ്യപ്പെട്ടതായി മൃഗശാല എക്സിക്യൂട്ടിവ് ഡയറക്ടർ മഹേഷ് കുമാർ പറഞ്ഞു.
സന്ദർശകരും മൃഗങ്ങളും തമ്മിൽ പതിവിൽ കവിഞ്ഞ അകലം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉയർന്ന നിലവാരത്തിലുള്ള മാസ്കുകൾ ധരിച്ചാണ് അവർ ജോലി ചെയ്യുന്നത്.
പി.പി.ഇ കിറ്റുകൾ സജ്ജമാണ്. മൃഗശാല സന്ദർശകരുടെ കണക്ക് ലക്ഷം കവിഞ്ഞ ദിവസങ്ങൾ ഉണ്ട്.
കഴിഞ്ഞ സീസണിനേക്കാൾ 25 ശതമാനം വർധനയാണിത്.കേരളത്തിൽ നിന്നുള്ളവരുടെ കാര്യത്തിൽ മാത്രമല്ല മൈസൂരുവിലും കോവിഡ് ഭീഷണിയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.