നാഗമംഗല സംഘർഷം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsബംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കൃത്യവിലോപത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. മാണ്ഡ്യ സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ 18 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിശ്ചയിച്ചിരുന്ന വഴിയിൽനിന്ന് ജാഥയെ വഴി തിരിച്ചുവിട്ടതിനാലാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ‘സംസ്ഥാനത്തുടനീളമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് അവരുടെ അധികാര പരിധിയിൽ എന്തെങ്കിലും സംഭവങ്ങൾ നടന്നാൽ അവർ ഉത്തരവാദികളായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയതിനാലാണ് സസ്പെൻഷനെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടിയെടുക്കും. ഏത് ആഘോഷങ്ങളായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ആരെയും നിയമം കൈയിലെടുക്കാനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെപ്പറ്റിയുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം ആസൂത്രിതമാണെന്നും കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ അഞ്ചംഗ വസ്തുതാന്വേഷണ കമ്മിറ്റിയെയും ബി.ജെ.പി നിയമിച്ചിരുന്നു. വിഷയത്തെ ആളിക്കത്തിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിയെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.