നാഗർഹോള കടുവാസങ്കേതം; പ്രവേശന ഫീസ് ശുചീകരണത്തിന്
text_fieldsബംഗളൂരു: നാഗർഹോള കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാനവാഹനങ്ങളിൽനിന്ന് കർണാടക ഈടാക്കുന്ന പ്രവേശനഫീസ് യഥാർഥത്തിൽ ശുചീകരണ ഫീസ് ആണെന്ന വിശദീകരണവുമായി വനംവകുപ്പ്.
കേരളത്തിൽ നിന്നടക്കം എത്തുന്ന സഞ്ചാരികളും മറ്റും വനത്തിലും റോഡരികുകളിലും നിക്ഷേപിക്കുന്ന മാലിന്യം നീക്കാനാണ് ഈ ഫീസ് ഉപയോഗിക്കുന്നത്. നിരവധി വാഹനങ്ങളാണ് കടുവസങ്കേതത്തിലൂടെ കർണാടയിലേക്കും തിരിച്ചും ദിവസേന കടന്നുപോകുന്നത്. ഫെബ്രുവരി ഒന്നിനാണ് ഫീസ് ഈടാക്കിത്തുടങ്ങിയത്. ചെറിയ വാഹനങ്ങൾക്ക് 20 രൂപയും വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് വാങ്ങുന്നത്. കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾക്ക് ഇത് ബാധകമല്ല. കേരളത്തിലേക്കുള്ള നിരവധി വാഹനങ്ങൾ കുടക്-മൈസൂരു അതിർത്തിയിലുള്ള ആനചൗക്കൂർ ഗേറ്റ് വഴി നാഗർഹോള കടുവ സങ്കേതത്തിന്റെ പരിധിയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ പ്രതിദിനം 5000ത്തിലധികം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ബാവലി ചെക്ക്പോസ്റ്റ്, ആനചൗക്കൂർ, നാണച്ചി ഗേറ്റ്, ഉദ്ദൂർ, കാർമാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
ദമ്മനഗട്ടെ, നാണച്ചി ഗേറ്റ് എന്നിവിടങ്ങൾ വാഹന പാർക്കിങ്ങിന് ഉപയോഗിക്കുന്നവരിൽനിന്ന് പാർക്കിങ് ഫീസും ഈടാക്കുന്നുണ്ട്.
ചെറിയ വാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഇത് കടുവസങ്കേതത്തിന്റെ പരിധിയിലുള്ള റോഡരികുകളും വനപ്രദേശങ്ങളും വൃത്തിയാക്കാനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ കടന്നുപോകുന്നതിൽ കൂടുതലും കേരളത്തിലേക്കുള്ള വാഹനങ്ങളാണ്. ഇവർ കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും കടുവസങ്കേതത്തിലെ റോഡരികിലും മറ്റും വലിെച്ചറിയുകയാണെന്നാണ് കർണാടക വനംവകുപ്പിന്റെ ആരോപണം. ആനചൗക്കൂർ ഗേറ്റിലൂടെ മാത്രം ആയിരക്കണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് പോകുന്നത്.
ഇവിടെ നിന്ന് മാത്രം ദിവസം ഒരു ലക്ഷം രൂപയാണ് പ്രവേശന ഫീസായി കർണാടകക്ക് ലഭിക്കുന്നത്. ഈ പണം റേഞ്ച് ഫോറസ്റ്റ് ഓഫിസർ പിറ്റേന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. സന്ദർശകർ വലിച്ചെറിയുന്ന മാലിന്യംനീക്കുന്നത് ഇൗ പണം ഉപയോഗിച്ചാണ്. ഇതിനകം നിരവധി റോഡരികുകളും വനവും ഇതിലൂടെ മാലിന്യമുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അതേസമയം, ദിവസത്തിൽ നിരവധി തവണ ഈ പാത ഉപയോഗിക്കുന്നവർക്ക് വൻതുക നഷ്ടമാകുന്നുവെന്നാണ് മലയാളികളുടെ പരാതി. പലപ്പോഴും രസീതുപോലും നൽകാതെയാണ് പണപ്പിരിവെന്നും രാത്രിയാണ് ഇതു കൂടുതലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.