നമ്മ മെട്രോ: പർപ്പ്ൾ ലൈനിൽ ട്രെയിൻ ഗരുഡാചർ വരെ; യാത്രക്കാർക്ക് ദുരിതം
text_fieldsബംഗളൂരു: തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ പർപ്പ്ൾ ലൈനിലെ (കിഴക്ക്-പടിഞ്ഞാറ് ഇടനാഴി) ചില ട്രെയിനുകൾ സർവിസ് വെട്ടിച്ചുരുക്കുന്നതായി ആക്ഷേപം. ഗരുഡാചർ പാളയയിൽ സർവിസ് അവസാനിപ്പിക്കുന്നതാണ് രീതി. ഇതിനെതിരെ യാത്രക്കാർ സമൂഹ മാധ്യമങ്ങൾ വഴി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനെതിരെ (ബി.എം.ആർ.സി.എൽ) രൂക്ഷ വിമർശനവും പ്രതിഷേധവും തുടങ്ങി.
വൈറ്റ്ഫീൽഡിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്. പർപ്പ്ൾ ലൈനിലെ കിഴക്കേയറ്റത്തെ സ്റ്റേഷനായ വൈറ്റ്ഫീൽഡിലേക്ക് പോകാൻ നേരിട്ട് മെട്രോ ട്രെയിൻ കിട്ടുന്നില്ലെന്നാണ് പരാതി. തിരക്കേറിയ സമയങ്ങളിൽ വൈറ്റ്ഫീൽഡിലെത്താൻ ട്രെയിൻ മാറിക്കയറേണ്ട അവസ്ഥയാണ്. മജെസ്റ്റിക് സ്റ്റേഷനിലെ തിരക്ക് കുറക്കുന്നതിനാണ് ചില ട്രെയിനുകൾ ഗരുഡാചർ പാളയ വരെ മാത്രം ഓടുന്നത്.
പർപ്പ്ൾ ലൈനിൽ യാത്രക്കാരുടെ എണ്ണം കൂടിയതിനെത്തുടർന്ന് ശനിയാഴ്ച മുതൽ ട്രെയിനുകളുടെ ഇടവേള സമയം കുറച്ചിട്ടുണ്ട്. ഇപ്പോൾ മജെസ്റ്റിക്കിൽനിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10, 10.11, 10.21, 10.39, 10.50, 11, 11.11, 11.22 എന്നീ സമയങ്ങളിൽ വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് മെട്രോ സർവിസുണ്ട്.
പർപ്പ്ൾ ലൈനിലെ പടിഞ്ഞാറ് ചല്ലഘട്ട മുതൽ കെങ്കേരി വരെയും (2.1 കിലോമീറ്റർ) കിഴക്ക് ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയും (2.2 കിലോമീറ്റർ) കഴിഞ്ഞ ഒക്ടോബറിലാണ് യാത്രക്കാർക്കായി തുറന്നത്. 43.49 കിലോമീറ്ററാണ് പർപ്പ്ൾ ലൈനിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.