നമ്മ മെട്രോയിൽ ഒറ്റ ദിവസം 8.27 ലക്ഷം യാത്രക്കാർ
text_fieldsബംഗളൂരു: നമ്മ മെട്രോയിൽ ചൊവ്വാഴ്ച സഞ്ചരിച്ചത് 8,26,883 യാത്രക്കാർ. ഈ വർഷത്തെ റെക്കോഡാണിതെന്ന് അധികൃതർ അറിയിച്ചു. മെട്രോയിൽ യാത്രക്കാർ പൊതുവേ വർധിക്കുന്നുണ്ട്.
പർപ്പിൾ ലൈനിൽ (കിഴക്ക് -പടിഞ്ഞാറ് ഇടനാഴി) 406501 പേരും ഗ്രീൻ ലൈനിൽ (തെക്ക് - വടക്ക് ഇടനാഴി) 261010 പേരും മജെസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിൽ മാറിക്കയറിയത് 1,59,372 പേരുമാണെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) വാർത്താക്കുറിപ്പിൽ അറിയിച്ചു. 2022 ആഗസ്റ്റ് 15ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയിൽ കയറിയതായിരുന്നു മുമ്പത്തെ റെക്കോഡ്.
ഈ വർഷം ഫെബ്രുവരിയിൽ 7.05 ലക്ഷമായിരുന്നു ശരാശരി പ്രതിദിന യാത്രക്കാർ. ജനുവരിയിൽ 7.01 ലക്ഷവും 2023 ഡിസംബറിൽ 6.88 ലക്ഷവുമായിരുന്നു. ഈ വർഷം ജൂണിൽ ആകെ 2,23,69774 യാത്രക്കാരാണ് മെട്രോയിൽ കയറിയത്. ജൂൺ 19ന് 8,08,071 പേർ സഞ്ചരിച്ചിരുന്നു.
ജൂൺ മൂന്നിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. അന്ന് 2.51 കോടി രൂപയായിരുന്നു ലഭിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിൽ ബി.എം.ആർ.സി.എൽ നന്ദി അറിയിച്ചു. വ്യാഴാഴ്ച ലാൽബാഗ് പുഷ്പമേള തുടങ്ങിയതിനാൽ ഈ ആഴ്ച മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മ മെട്രോയുടെ കൂടുതൽ പാതകൾ ഉടൻ യാഥാർഥ്യമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിലെ ഗ്രീൻ ലൈൻ (തെക്ക് - വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്ക് നീട്ടിയത് ഒക്ടോബറിൽ ഗതാഗതയോഗ്യമാകും.
യെല്ലോ ലൈൻ (ആർ.വി. റോഡ് -ബൊമ്മസാന്ദ്ര പാത) ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. നമ്മ മെട്രോ രണ്ടാംഘട്ടം, രണ്ട് എ, രണ്ട് ബി പദ്ധതികൾ കൂടി യാഥാർഥ്യമാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.എം.ആർ.സി.എൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.