ബംഗളൂരു എഫ്.സിയുമായി കൈകോർത്ത് ‘നമ്മ യാത്രി’
text_fieldsബംഗളൂരു: ഐ.എസ്.എൽ മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുമായി കൈകോർത്ത് ബംഗളൂരുവിലെ മൊബിലിറ്റി മൊബൈൽ ആപ്പായ ‘നമ്മ യാത്രി’. ബി.എഫ്.സിയുടെ ഔദ്യോഗിക ട്രാവൽ പാർട്ണറായാണ് ‘നമ്മ യാത്രി’ കരാറൊപ്പിട്ടത്. ഇതുപ്രകാരം, ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബി.എഫ്.സിയുടെ മത്സരങ്ങൾ അരങ്ങേറുമ്പോൾ സ്റ്റേഡിയത്തിന് പുറത്ത് ‘നമ്മ യാത്രി’യുടെ പ്രത്യേക സോൺ ഒരുക്കും.
കാണികൾക്ക് ഇവിടെ നിന്ന് നമ്മ യാത്രി വഴി വാഹന സർവിസ് ഉപയോഗപ്പെടുത്താം. ഈ സോണിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ ബുക്ക് ചെയ്യാനാവും. ആപ്പിൽ രജിസ്റ്റർ ചെയ്ത ഓട്ടോ ഡ്രൈവർമാർക്ക് കളി കാണാൻ ടിക്കറ്റിന് ഇൻസന്റീവും നൽകും. ‘നമ്മ യാത്രി’യുമായി കൈകോർക്കാനായതിൽ സന്തോഷമുണ്ടെന്നും ബുധനാഴ്ച എഫ്.സി ഗോവയുമായി നടക്കുന്ന മത്സരം വീക്ഷിക്കാൻ 1000 ഓട്ടോ ഡ്രൈവർമാർക്ക് അവസരമൊരുക്കുമെന്നും ബംഗളൂരു എഫ്.സി ഡയറക്ടർ ഡാരൻ കാൾഡീറ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിലാണ് ജസ്പേ ടെക്നോളജീസ് ‘നമ്മ യാത്രി’ മൊബൈൽ ആപ് ബംഗളൂരുവിൽ ആരംഭിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ പങ്കാളിത്തമുള്ള ബെക്കൻ ഫൗണ്ടേഷൻ ഇതിൽ പങ്കാളിയാണ്. സബ്സ്ക്രിപ്ഷന് കമീഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനായതിനാൽ യാത്രക്കാർക്കിടയിലും ഓട്ടോ ഡ്രൈവർമാർക്കിടയിലും ആപ് ചുരുങ്ങിയ കാലംകൊണ്ട് ഹിറ്റായി.
ഇത്രയും കാലത്തിനിടെ 1.3 കോടി ട്രിപ്പുകൾ സർവിസ് നടത്തുകയും 190 കോടി രൂപ കമീഷനില്ലാതെ ഓട്ടോ ഡ്രൈവർമാർക്ക് ലഭിക്കുകയും ചെയ്തു. ലക്ഷം ഡ്രൈവർമാരും 21 ലക്ഷം യാത്രക്കാരും നമ്മ യാത്രിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.