നന്ദിനി ഡൽഹിയിലേക്ക് വിപണി വ്യാപിപ്പിക്കുന്നു
text_fieldsബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന് (കെ.എം.എഫ്) കീഴിലെ നന്ദിനി ബ്രാൻഡ് ഉൽപന്നങ്ങളുടെ വിപണി രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്കും വ്യാപിപ്പിക്കുന്നു.
നന്ദിനി ഔട്ട്ലെറ്റുകൾ ഡൽഹിയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കാനുള്ള നീക്കത്തിലാണ് കെ.എം.എഫ്. ഗുജറാത്ത് സർക്കാറിന്റെ സഹകരണ വകുപ്പിന് കീഴിലെ ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആനന്ദ് മിൽക്ക് യൂനിയൻ ലിമിറ്റഡിന്റെ (അമുൽ) കുത്തകയായ വടക്കേ ഇന്ത്യയിലേക്കുള്ള നന്ദിനിയുടെ ചുവടുവെപ്പുകൂടിയാവും ഇത്.
തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ വിപണിയുള്ള നന്ദിനി ബ്രാൻഡ് കേരളത്തിലും ഇതിനകം ഔട്ട്ലെറ്റുകൾ തുറന്നുകഴിഞ്ഞു. വൈകാതെ തെലങ്കാനയിലേക്കും വിൽപന വ്യാപിപ്പിക്കും. കല്യാണ കർണാടക മേഖലയിലെ റായ്ച്ചുർ, ബെള്ളാരി, കൊപ്പാൽ, വിജയനഗര എന്നിവിടങ്ങളിലെ ക്ഷീര സഹകരണ യൂനിയനുകൾ ഉൽപാദിപ്പിക്കുന്ന പാൽ തെലങ്കാനയിൽ എത്തിച്ച് വിൽപന നടത്താനാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിൽ നീല, പച്ച, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള നന്ദിനി പാൽ പാക്കറ്റുകളും നന്ദിനി തൈരുമാണ് വിൽക്കാൻ ലക്ഷ്യമിടുന്നതെന്നും, ഒക്ടോബർ ആദ്യവാരത്തോടെ ഇവ ഡൽഹിയിൽ വിപണിയിലെത്തിക്കുമെന്നും കെ.എം.എഫ് മാനേജിങ് ഡയറകട്ർ എം.കെ. ജഗദീഷ് അറിയിച്ചു. ആദ്യ ആറുമാസം ദിനംപ്രതി രണ്ടു ലക്ഷം ലിറ്റർ പാൽ ഡൽഹി വിപണിയിൽ വിറ്റഴിക്കാനാണ് നന്ദിനി ലക്ഷ്യമിടുന്നത്. പരീക്ഷണാർഥമാണ് ഡൽഹിയിലേക്കുള്ള വരവ്. തുടർന്ന് മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുമെന്നും എം.ഡി വ്യക്തമാക്കി.
കഴിഞ്ഞവർഷം അമൂൽ കർണാടക വിപണിയിലേക്ക് ഫ്രഷ് പാലും തൈരും എത്തിക്കാൻ ശ്രമിച്ചത് അമൂലും നന്ദിനിയും തമ്മിലെ തർക്കത്തിനിടയാക്കിയിരുന്നു. തുടർന്ന്, കർണാടകയിൽ ‘അമൂൽ ഗോബാക്ക്’ കാമ്പയിൻ അരങ്ങേറിയിരുന്നു. ‘സേവ് കെ.എം.എഫ്’, ‘സേവ് നന്ദിനി’, ‘അമൂൽ ഗോബാക്ക്’ എന്നീ ഹാഷ് ടാഗുകളിൽ സമൂഹ മാധ്യമങ്ങളിൽ അമൂൽ വിരുദ്ധ കാമ്പയിൻ ട്രെൻഡിങ്ങായിരുന്നു. അമൂൽ കഴിഞ്ഞാൽ ക്ഷീരോൽപന്ന വിപണിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രാൻഡാണ് കർണാടക സഹകരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ബ്രാൻഡ്. 1975ൽ സ്ഥാപിതമായ കെ.എം.എഫിന് 25,000 കോടിയുടെ വിറ്റുവരവാണുള്ളത്. ഇതിന്റെ 80 ശതമാനവും കർഷകരിലേക്ക് എത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ആവശ്യമുള്ളതിലേറെ പാൽ ഉൽപാദനം നടക്കുന്ന സംസ്ഥാനമാണ് കർണാടക. ദിനംപ്രതി 73 ലക്ഷം ലിറ്റർ പാൽ കെ.എം.എഫ് സംഭരിക്കുന്നുണ്ട്. 45 ലക്ഷം ലിറ്റർ പാലും 10 ലക്ഷം ലിറ്റർ തൈരുമാണ് കർണാടകയുടെ ദിനംപ്രതി ഉപയോഗം. 33 ലക്ഷം ലിറ്റർ പാലും, തൈരുമാണ് ബംഗളൂരു നഗരത്തിലെ പ്രതിദിന ഉപയോഗം. ഇതിൽ 23 ലക്ഷം ലിറ്റർ പാലും നാല് ലക്ഷം ലിറ്റർ തൈരും കെ.എം.എഫാണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.