ഇഡ്ഡലി, ദോശമാവുമായി നന്ദിനി വരുന്നു
text_fieldsബംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡായ നന്ദിനിക്ക് കീഴിൽ ദോശ, ഇഡ്ഡലി മാവ് ഉൽപന്നങ്ങൾ വൈകാതെ വിപണിയിലെത്തും. ജനകീയ ബ്രാൻഡായ നന്ദിനിയുടെ ദോശ, ഇഡ്ഡലി മാവ് ഉൽപന്നങ്ങളുമായുള്ള വരവ് നിലവിൽ ബംഗളൂരു മാർക്കറ്റിലുള്ള സമാന ഉൽപന്നങ്ങൾക്ക് ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തൽ.
450 ഗ്രാം, 900 ഗ്രാം പാക്കുകളാണ് നന്ദിനി പുറത്തിറക്കുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തിയതി ലഭിച്ചശേഷം ഉദ്ഘാടനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് കർണാടക മിൽക് ഫെഡറേഷൻ എം.ഡി എം.കെ. ജഗദീഷ് പറഞ്ഞു.
വിപണി വ്യാപനം ലക്ഷ്യമിട്ട് നന്ദിനി വ്യാപകമായി ബ്രാൻഡിങ് നടത്തിവരികയാണ്. കഴിഞ്ഞ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത നന്ദിനി ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ മുഖ്യ സ്പോൺസർമാരാണ്. നവംബറിൽ ആരംഭിക്കുന്ന പ്രോ കബഡി ലീഗിന്റെ പുതിയ സീസണിലെ പ്രധാന
സ്പോൺസർമാരും നന്ദിനിയാണ്. കർണാടക, മഹാരാഷ്ട്ര, ഗോവ, തെലങ്കാന, തമിഴ്നാട്, കേരള എന്നിവിടങ്ങളിൽ നിലവിൽ നന്ദിനിയുടെ ഫ്രഷ് പാലും പാലുൽപന്നങ്ങളും ലഭ്യമാണ്. ഉത്തരേന്ത്യ ലക്ഷ്യമിട്ട് ഡൽഹി മാർക്കറ്റിലേക്കും നന്ദിനിയുടെ വിപണി വ്യാപിപ്പിക്കാനാണ് കെ.എം.എഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.