ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ല, കർണാടകക്ക് സ്വന്തം നയംവരും
text_fieldsകേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലമാക്കുന്നതാണ് എൻ.ഇ.പി. ഇന്ത്യ പോലുള്ള വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തിന് ഏകീകൃതമായ വിദ്യാഭ്യാസനയം യോജിച്ചതല്ല. സാമൂഹിക-സാംസ്കാരിക സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചുള്ള വിദ്യാഭ്യാസനയം സംസ്ഥാന സർക്കാർ സ്വന്തമായി രൂപവത്കരിക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുൻ ബി.ജെ.പി സർക്കാർ എൻ.ഇ.പി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. എൻ.ഇ.പി നടപ്പാക്കുന്ന ആദ്യസംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കർണാടക.
ബി.ജെ.പി സർക്കാറിന്റെ കാലത്ത് ഇതനുസരിച്ച് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാനുള്ള നിർദേശങ്ങൾ നൽകാനായി 26 ഫോക്കസ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ഈ കമ്മിറ്റി നൽകിയ വിവിധ നിർദേശങ്ങൾ വ്യാപക എതിർപ്പിനിടയാക്കിയിരുന്നു. ഭാഷാപഠനം, വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുള്ള ഭാഷ, ഇന്ത്യയെ കുറിച്ചുള്ള അറിവ്, ആരോഗ്യം-ആരോഗ്യപരിപാലനം തുടങ്ങിയ നിർദേശങ്ങളിലായിരുന്നു എതിർപ്പ്. സസ്യാഹാരം അല്ലെന്ന കാരണത്താൽ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിൽ മുട്ട നൽകുന്നതടക്കം അവസാനിപ്പിക്കാനും സർക്കാർ നീക്കമുണ്ടായിരുന്നു.
ഡെലിവറി ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ
സംസ്ഥാനത്തെ ഓൺലൈൻ കമ്പനികളുടെ ഡെലിവറി ജീവനക്കാർക്ക് നാല് ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഗുണേഭോക്താക്കൾ. രണ്ട് ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ്, രണ്ട് ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് എന്നിവയടക്കമുള്ള ആകെ നാലുലക്ഷത്തിന്റെ പരിരക്ഷയാണ് ലഭിക്കുക. ഇതിനുള്ള പ്രീമിയം തുക സർക്കാറാണ് വഹിക്കുകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരപ്പിച്ച് പറഞ്ഞു.
അസംഘടിത തൊഴിലാളികൾ എന്ന നിലക്കാണ് ഇവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഡെലിവറി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഇൻഷുറൻസ് പ്രഖ്യാപനം.
നന്ദിനിക്കായി
10 കോടി
കന്നടിഗരുടെ അഭിമാനവും വികാരവുമായ നന്ദിനിയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും കൂടുതൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ഉൽപന്നങ്ങളുടെ പ്രചാരണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ദേശീയ-അന്തർദേശീയ തലത്തിൽ നന്ദിനിയെ ബ്രാൻഡ് ചെയ്യാനാണ് ഈ തുക. 2022-23 വർഷത്തിൽ സംസ്ഥാനത്തിന്റെ പാൽ ഉൽപാദനം അഞ്ചുശതമാനം മുതൽ ഏഴ് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
പശുക്കളുടെ ദേഹത്ത് കുരുക്കൾ പോലുള്ളവ ഉണ്ടാകുന്ന എൽ.എസ്.ഡി രോഗം ഇതിന് പ്രധാന കാരണമായിട്ടുണ്ട്. 33,000 കന്നുകാലികൾ ഈ രോഗം ബാധിച്ച് ചത്തിട്ടുണ്ട്. കറവയുള്ള പശുക്കൾ ചത്ത ഇനത്തിൽ കർഷകർക്കുള്ള നഷ്ടപരിഹാരത്തിൽ ബാക്കിയുള്ള 12 കോടി ഉടൻ വിതരണം ചെയ്യും. 100 പുതിയ വെറ്ററിനറി ക്ലിനിക്കുകൾ സംസ്ഥാനത്ത് തുറക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അന്നഭാഗ്യ: അരി
വാങ്ങാൻ 10,000 കോടി
ബി.പി.എൽ. കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്ത് കിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതിക്കായി അരി വാങ്ങാൻ വർഷത്തിൽ ബജറ്റിൽ 10,000 കോടി രൂപ അനുവദിച്ചു. 4.42 കോടി കുടുംബങ്ങൾക്ക് അഞ്ച് കിലോ വീതം അരി നൽകാനായാണ് ഈ തുക. അന്നഭാഗ്യ പദ്ധതിയിൽ നൽകാനുള്ള അഞ്ച് കിലോ കേന്ദ്രസർക്കാർ നിലവിൽ സംസ്ഥാന സർക്കാറിന് നൽകുന്നതാണ്. ബാക്കി അഞ്ചുകിലോ അരിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര-സംസ്ഥാന തർക്കം നിലനിൽക്കുന്നത്. കേന്ദ്രത്തിന്റെ കണക്കിൽ ഉൾപ്പെടാത്ത 40 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനായി 1,680 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നിലവിൽ അഞ്ചുകിലോ അരിയും ബാക്കി അഞ്ചുകിലോക്ക് തുല്യമായ പണവുമാണ്
സർക്കാർ
നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.