ദേശീയപാത ബി.ജെ.പി തുറന്നുകൊടുത്തത് സുരക്ഷയില്ലാതെ -മുഖ്യമന്ത്രി
text_fieldsബംഗളൂരു: സുരക്ഷാക്രമീകരണങ്ങൾ നടത്താതെ ബി.ജെ.പി സർക്കാർ തിരക്കിട്ട് തുറന്നുകൊടുത്തതും അശാസ്ത്രീയ നിർമാണവുമാണ് ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പാതയിൽ നടത്തിയ പരിശോധനയിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. സുപ്രധാന പാതയായിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ നടത്താതെ രാഷ്ട്രീയ നേട്ടത്തിനായാണ് ബി.ജെ.പി തിരക്കിട്ട് പാത തുറന്നുകൊടുത്തത്. ഇതിനാലാണ് അപകടങ്ങൾ കൂടിയത്.
പലയിടങ്ങളിലും അശാസ്ത്രീയമായാണ് നിർമാണം നടന്നത്. ഈ സാഹചര്യത്തിൽ സുരക്ഷാനടപടികൾ സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സർവിസ് റോഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കാൻ 150 കോടി രൂപ അധികമായി അനുവദിക്കാൻ ആവശ്യപ്പെടും. റോഡ് നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് വ്യാപക പരാതികളാണുള്ളത്.
എക്സ്പ്രസ് വേയിൽ മാണ്ഡ്യയിൽ നടത്തിയ പരിശോധനക്കു ശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. പ്രദേശവാസികൾക്ക് റോഡ് മുറിച്ചുകടക്കാൻ കാൽനട മേൽപാലങ്ങൾ, വെള്ളക്കെട്ട് പ്രശ്നം, തെരുവുവിളക്കുകളുടെ അഭാവം എന്നിവ സംബന്ധിച്ച് സിദ്ധരാമയ്യ പ്രദേശവാസികളുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ടോൾ സംബന്ധിച്ച പരാതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തും.
വാഹനങ്ങളുടെ വേഗം കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളില്ല. ചുരുങ്ങിയത് ഒരു കിലോമീറ്റർ ഇടവിട്ട് ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കണം. അപകടങ്ങൾ കുറക്കുന്നതിന് ട്രാഫിക് പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റി അധികൃതരുമായി വിശദമായ ചർച്ച നടത്തുകയും ചെയ്യും. പാതയിൽ വാഹനങ്ങളുടെ അമിതവേഗം പിടികൂടാൻ മാണ്ഡ്യയിൽ സ്ഥാപിച്ച ആദ്യ നിർമിത ബുദ്ധി (എ.ഐ) കാമറ സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
ആറുവരി പ്രധാന പാതയിൽ ഇരുവശങ്ങളിലേക്കും മൂന്നു വരികളിലാണ് ഗതാഗതം. മൂന്നു വരികളിലൂടെയും വരുന്ന വാഹനങ്ങളുടെ വേഗം പാതക്ക് കുറുകെ സ്ഥാപിച്ച സ്ക്രീനിൽ തെളിയും. 80-100 കിലോമീറ്റർ വേഗമാണ് പരമാവധി അനുവദിച്ചിരിക്കുന്നത്. വേഗപരിധി ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ കൂടുതൽ എ.ഐ കാമറകൾ വരുംദിവസങ്ങളിൽ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.