നവരാത്രി വിപണി കാവിവത്കരണ ആഹ്വാനം: വി.എച്ച്.പി നേതാക്കൾക്കെതിരെ കേസ്
text_fieldsമംഗളൂരു: നഗരത്തിലെ കാർ സ്ട്രീറ്റ് മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ ഓംകാര മുദ്രയുള്ള കാവിക്കൊടികൾ ഉയർത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്ക് എതിരെ മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തു. വി.എച്ച്.പി ദക്ഷിണ കന്നട-ഉഡുപ്പി മേഖല സെക്രട്ടറി ശരൺ പമ്പുവെലിനും നേതാക്കൾക്കും എതിരെയാണ് കേസെടുത്തതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.
ഞായറാഴ്ച തുടങ്ങി ഈ മാസം 24ന് അവസാനിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകളിൽ ചൊവ്വാഴ്ച വൈകീട്ടാണ് കാവിക്കൊടികൾ ഉയർന്നത്. ശരണും സംഘവും നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. ഹിന്ദു വ്യാപാരികളെ തിരിച്ചറിയാനുള്ള അടയാളമായിക്കണ്ട് ഹിന്ദു സമൂഹം ആ സ്റ്റാളുകളിൽനിന്നു മാത്രം വ്യാപാരം നടത്തണം എന്ന ആഹ്വാനം പിന്നാലെ വന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ ശിക്ഷ നിയമം 153 പ്രകാരം വ്യാഴാഴ്ച കേസെടുത്തത്.
ശരണും സംഘവും നടത്തിയ വിദ്വേഷ പ്രവർത്തനം സംബന്ധിച്ച് മംഗളൂരു സൗത്ത് പൊലീസ് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദ് വിവരങ്ങൾ ശേഖരിച്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മുസ്ലിം വ്യാപാരികളെ ഒഴിവാക്കിയാണ് ഒമ്പത് ലക്ഷം രൂപക്ക് ക്ഷേത്ര കമ്മിറ്റി 71 സ്റ്റാളുകൾ ലേലം ചെയ്തത്. ക്ഷേത്രത്തിൽനിന്ന് അകലെ ശേഷിച്ച സ്റ്റാളുകളിൽ 11 എണ്ണം പിന്നീട് ലേലം ചെയ്തതിൽ ആറ് എണ്ണം മുസ്ലിം കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ഇവയെ വേറിട്ട് നിർത്തുകയാണ് സ്റ്റാളുകൾക്ക് മുന്നിൽ കാവിക്കൊടി കെട്ടിയതിലൂടെ ലക്ഷ്യമിട്ടത്. ഇതിനെതിരെ ദക്ഷിണ കന്നട-ഉഡുപ്പി ജില്ല ജാത്ര വ്യാപാരസ്ഥ സമന്വയ സമിതി (ഉത്സവ വ്യാപാരി ഏകോപന സമിതി) ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. പ്രശ്നം ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ശ്രദ്ധയിൽ പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്താനുള്ള ബി.ജെ.പി അജണ്ടയാണ് ശരണും സംഘവും നടപ്പാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ സർക്കാർ സന്നദ്ധമാവണം എന്ന് ആവശ്യപ്പെട്ടു. ദലിത് സംഘർഷ സമിതി അംഗങ്ങളായ കെ. ദേവദാസ്, രഘു യെക്കാർ എന്നിവരും വി.എച്ച്.പി നേതാക്കളുടെ അറസ്റ്റ് ആവശ്യം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.