ഹുബ്ബള്ളി കാമ്പസിലെ നേഹ വധം; ‘ലൗ ജിഹാദ്’ അല്ലെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: എം.സി.എ വിദ്യാർഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ട കേസില്‍ ലൗ ജിഹാദ് എന്ന വാദം കർണാടക പൊലീസ് തള്ളി.
വിവാഹം നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹുബ്ബള്ളി കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി. കുറ്റപത്രത്തില്‍ ലൗ ജിഹാദ് പരാമർശമില്ല. നേഹയുടെ പിതാവ് കോൺഗ്രസ് കോർപറേഷൻ കൗൺസിലർ നിരഞ്ജൻ ഹിരേമത്ത്, മാതാവ്, സഹോദരൻ, സഹപാഠികള്‍, സുഹൃത്തുക്കള്‍, അധ്യാപകർ എന്നിവരുടെ മൊഴികളടക്കം 99 തെളിവുകളടങ്ങിയ 483 പേജുള്ള കുറ്റപത്രമാണ് പ്രതി ഫയാസ് കൊണ്ടിക്കൊപ്പക്കെതിരെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) സമർപ്പിച്ചത്.
ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട ദൃക്സാക്ഷി വിവരണങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കുറ്റപത്രത്തിലുണ്ട്. ഫയാസിനെതിരെ ഐ.പി.സി 302 (വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കൊലപാതകം), 341 (തെറ്റായ നിയന്ത്രണം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഫയാസും മരിച്ച നേഹയും പി.സിയിലെ സഹപാഠികളായിരുന്നുവെന്ന് കുറ്റപത്രം വിശദീകരിക്കുന്നു. ഇരുവരും സുഹൃത്തുക്കളും 2022ല്‍ പ്രണയബന്ധത്തിലുമായിരുന്നു. 2024ല്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി ബന്ധം നിർത്തി. അവഗണിക്കപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഏപ്രില്‍ 18ന് ഫയാസ് നേഹയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.