നെലമംഗല-ദേവിഹള്ളി നാലുവരി ഹൈവേ നിർമാണം പൂർത്തിയായി
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം. നെലമംഗല-ദേവിഹള്ളി നാലുവരി ഹൈവേയുടെ നിർമാണം പൂർത്തിയായതോടെയാണിത്. ഇതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. റോഡിൽ സംഭവിക്കാൻ സാധ്യതയുള്ള കേടുപാടുകളെ പ്രതിരോധിക്കുന്നതിനായി നൂതന രീതിയിലാണ് ഹൈവേ നിർമാണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. നിരവധി തീർഥാടന കേന്ദ്രങ്ങളിലൂടെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്. ദേശീയപാത 75 ന്റെ ഭാഗമാണ് 80 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപ്പാത. ബംഗളൂരുവിൽനിന്ന് സക്ലേശ്പുര, ധർമസ്ഥല, ഹലെബീഡു തുടങ്ങിയ വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സഹായിക്കുന്നതാകും ഈ പാത.
യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നതോടെ വാരാന്ത്യങ്ങളിൽ 30,000 ത്തോളം വാഹനങ്ങൾ ഈ പാതയിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങൾക്കും ഈ പാത ഗുണംചെയ്യും. ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും ഹാസൻ, സകലേശ്പുര, ധർമസ്ഥല എന്നീ സ്ഥലങ്ങളിലേക്കുമുള്ള യാത്രാസമയത്തിൽ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.