ആഘോഷത്തോടെ പുതുവത്സരത്തിന് വരവേൽപ്
text_fieldsബംഗളൂരു: ആഘോഷപൂർവം പുതിയ വർഷത്തെ വരവേറ്റ് ബംഗളൂരു, മൈസൂരു നഗരങ്ങൾ. ബംഗളൂരു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ബ്രിഗേഡ്റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലേക്ക് ആയിരങ്ങളാണ് ആഘോഷത്തിനായി ഒഴുകിയെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആളുകൾ പുതുവർഷത്തിലേക്ക് നീങ്ങി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
പൊലീസിന്റെയും നിരീക്ഷണ കാമറകളുടെയും കണ്ണുവെട്ടിച്ചും അതിക്രമങ്ങൾ അരങ്ങേറി. ആഘോഷം കഴിഞ്ഞ് മടങ്ങാൻ മെട്രോ സർവിസുകളും ബി.എം.ടി.സി സർവിസുകളും പുലർച്ച രണ്ടുവരെ പ്രവർത്തിച്ചു.
മൈസൂരു നഗരത്തിൽ മൈസൂരു കൊട്ടാരം ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായിരുന്നു പ്രധാന ആകർഷണം. തെരുവുകളും അലങ്കരിച്ചു. കോവിഡ് ജെ.എൻ വൺ വകഭേദം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നിട്ടും ഏതാനും ചിലർ മാത്രമാണ് മാസ്ക് ധരിച്ച് ആഘോഷത്തിനിറങ്ങിയത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് കർശന ഉത്തരവ് നൽകാതിരുന്നതാണ് കാരണം.
മൈസൂരു കൊട്ടാരവളപ്പിൽ നടന്ന പുതുവത്സരാഘോഷത്തിൽ 15,000 പേർ പങ്കെടുത്തു. മൈസൂരു പാലസ് ബോർഡും ജില്ല ഭരണകൂടവും ഒന്നിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര, പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ തുടങ്ങിയവർ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. ആകാശത്ത് വർണക്കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.