ആഘോഷം സമാധാനപരം
text_fieldsബംഗളൂരു: ബംഗളൂരുവിൽ പുതുവത്സരാഘോഷം സമാധാനപരം. പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി സഹകരിച്ചതിന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പൊതുജനങ്ങളോടും പൊലീസിനോടും നന്ദി അറിയിച്ചു. ലക്ഷക്കണക്കിന് പേരാണ് പുതുവത്സരമാഘോഷിച്ചത്. സംസ്ഥാനത്തെവിടെയും, പ്രത്യേകിച്ച് ബംഗളൂരുവിലും അനിഷ്ടകരമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വളരെ വിജയകരമായാണ് ഇത്തവണ ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോറമംഗലയിൽ പുതുവത്സരമാഘോഷിക്കാനെത്തിയവർ 50,000ത്തിന് മുകളിലാണെന്നാണ് കണക്ക്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊലീസ് കനത്തസുരക്ഷയാണൊരുക്കിയിരുന്നത്. അതിനെത്തുടർന്ന് 11,830 പൊലീസുകാരെയാണ് ബംഗളൂരുവിൽ മാത്രമായി നിയോഗിച്ചിരുന്നത്. എയർപോർട്ടിലേക്കുള്ളതല്ലാത്ത എല്ലാ മേൽപാലങ്ങളും രാത്രി 11നു ശേഷം അടച്ചിട്ടിരുന്നു. ഇന്ദിര നഗർ, എം.ജി റോഡ്, മാറത്തഹള്ളി, കല്യാൺ നഗർ പലയിടങ്ങളിലും പൂർണ തോതിൽ ഗതാഗതവും പാർക്കിങ്ങും നിരോധിക്കുകയും ചെയ്തിരുന്നു. എം.ജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലടക്കം 800ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. സർവിസുകളുടെ എണ്ണം കൂട്ടിയും ഇടവേളകൾ കുറച്ചും മെട്രോയും സ്പെഷൽ സർവിസുകളുമായി ബി.എം.ടി.സിയും രംഗത്തുണ്ടായിരുന്നു. ഇവയിലെല്ലാം കനത്ത തിരക്കാണനുഭവപ്പെട്ടത്.
കാത്തിരുന്ന് കാത്തിരുന്ന്....
ബംഗളൂരു: പുതുവർഷത്തിലേക്ക് കടന്നിരിക്കെ ബംഗളൂരുവിൽ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഇനിയും പണിതീരാതെ കിടക്കുന്നത്.
ആർ.വി റോഡ് - ബൊമ്മസാന്ദ്ര യെല്ലോ ലൈൻ: 2024 ഡിസംബറിൽ ലൈനിൽ സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ സർവിസ് തുടങ്ങാൻ മാർച്ച് കഴിയുമെന്നാണ് സൂചന. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെങ്കിലും ട്രെയിൻ കോച്ചുകളെത്താത്തതാണ് സർവിസുകൾ ആരംഭിക്കുന്നതിനുള്ള തടസ്സം. നിലവിൽ 15 എണ്ണത്തിൽ ഒറ്റ സെറ്റ് കോച്ചുകൾ മാത്രമാണ് നമ്മ മെട്രോയുടെ കൈയിലുള്ളത്.
മെട്രോയിൽ അധിക കോച്ചുകൾ: പർപ്പ്ൾ, ഗ്രീൻ ലൈനുകളിൽ തിരക്ക് കുറക്കുന്നതിനായി 21 പുതിയ കോച്ചുകൾ എത്താൻ ഇനിയും കാത്തിരിക്കണം.
. ഹെബ്ബാൾ ഫ്ലൈ ഓവർ വിപുലീകരണം: എയർപോർട്ടിലേക്കുള്ള പ്രധാന പാതയായ ഫ്ലൈ ഓവറിൽ പ്രതിദിനം 2.5 ലക്ഷത്തിന് മുകളിൽ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. പലതവണ നിർമാണപ്രവർത്തനങ്ങൾ വൈകിയതുമൂലം പണി പൂർത്തിയാവാൻ ഒരുവർഷം ഇനിയും കാത്തിരിക്കേണ്ടിവരും.
. ഈജിപ്പുര മേൽപാലം: 2017ൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും ഇപ്പോഴും തൂണുകൾ മാത്രം. നഗരത്തിലെ നീളം കൂടിയ രണ്ടാമത്തെ മേൽപാലത്തിന് 2026 വരെ കാത്തിരിക്കേണ്ടിവരും.
. യെലഹങ്ക മേൽപാലം: 2022ൽ പണി തുടങ്ങിയിട്ടും 60 ശതമാനം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്.
. കെ 100 വാട്ടർവേ: 12 കിലോമീറ്റർ നീളമുള്ള 179 കോടിയുടെ പദ്ധതി 2021ൽ തുടങ്ങിയതാണ്.
. കാർമെലാരം റെയിൽവേ മേൽപാലം: ബി.ബി.എം.പിയുടെ ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സങ്ങൾമൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നു.
. പനതൂർ റെയിൽവേ അടിപ്പാത: ഒരുവശത്തേക്കുള്ള പാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. മാർച്ചിനകം പണി തീരുമെന്നാണ് അധികൃതർ പറയുന്നത്.
. ജാക്കൂർ റെയിൽവേ മേൽപാലം: പതിറ്റാണ്ട് പഴക്കമുള്ള പദ്ധതി. കഴിഞ്ഞ വർഷം ജൂണിൽ ബി.ബി.എം.പി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടീസ് ഇറക്കിയിരുന്നു.
. ഹൊസെക്കറഹള്ളി കെരെകോടി ജങ്ഷൻ മേൽപാലം: 2020 ആഗസ്റ്റിൽ തുടങ്ങിയിരുന്നെങ്കിലും പണി പാതിവഴിയിലാണ്.
. ആർ.ആർ നഗർ മേൽപാലം: 2022ൽ തുടങ്ങിയ 71 കോടി രൂപയുടെ പദ്ധതിയിൽ ഇതുവരെ പണി കഴിഞ്ഞത് ആറ് തൂണുകൾ.
. ബയ്യപ്പനഹള്ളി - ഹൊസൂർ പാത ഇരട്ടിപ്പിക്കൽ: 498 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കുന്ന 48 കിലോമീറ്റർ പാത 2024ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അടുത്ത വർഷംവരെ കാത്തിരിക്കേണ്ടിവരും.
. കന്റോൺമെന്റ് - വൈറ്റ്ഫീൽഡ് അധിക പാതകൾ: റൂട്ടിൽ 493 കോടി രൂപ ചെലവിൽ റെയിൽവേ ലൈൻ ഓട്ടോമാറ്റിക് സിഗ്നലോടുകൂടി നാല് വരിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാവാൻ ഈ വർഷം പകുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
. നമ്മ മെട്രോ പിങ്ക് ലൈൻ: സിഗ്നൽ, ട്രാക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇനിയും വൈകുന്നു.
. ഈസ്റ്റ് എയർപോർട്ട് ഇടനാഴി: സമാന്തര എയർപോർട്ട് റോഡായ ഹൊസ്കോട്ടെ ഇടനാഴിയിൽ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.