ബന്ദിപ്പൂരിലെ രാത്രിയാത്ര വിലക്ക്; തുരങ്കപാതക്ക് ഡി.പി.ആർ തയാറാക്കാൻ നിർദേശം
text_fieldsബംഗളൂരു: ഏറെക്കാലമായി കാത്തിരിക്കുന്ന ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുള്ള തുരങ്കപാത നിർമിക്കാൻ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാവുകയാണെങ്കിൽ വയനാട് ഭാഗത്തുനിന്ന് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് രാത്രിയാത്ര എളുപ്പമാകും.
നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര വിലക്കുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കുപ്പ, ഹുൻസൂർ വഴി 35 കിലോമീറ്റർ അധികം സഞ്ചരിച്ചാലാണ് രാത്രിയിൽ വയനാടുനിന്ന് മൈസൂരുവിലെത്താനാകുക.
രാത്രി യാത്ര വിലക്കുള്ള ബന്ദിപ്പൂർ ടൈഗർ റിസർവിലെ 25 കിലോമീറ്റർ ഭാഗത്താണ് ടണൽ നിർമിക്കുന്നത്. നേരത്തേ മാനന്തവാടി, കുട്ട, ഗോണിക്കുപ്പ ഹുൻസൂർ വഴിയുള്ള ബദൽ പാത വികസിപ്പിക്കുക, ബന്ദിപ്പൂരിൽ എലവേറ്റഡ് ഹൈവേ നിർമിക്കുക തുടങ്ങിയ സാധ്യതകളെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നെങ്കിലും പാരിസ്ഥിതിക - സാമ്പത്തിക വശങ്ങളും മറ്റു പ്രായോഗിക പ്രശ്നങ്ങളും പരിഗണിച്ച് അവ ഒഴിവാക്കുകയായിരുന്നു.
എലവേറ്റഡ് ഹൈവേക്കെതിരെ കർണാടക സർക്കാറും എതിർപ്പുന്നയിച്ചിരുന്നു. നിലവിലുള്ള ദേശീയ പാതയിൽതന്നെ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് നല്ലതെന്ന് 2018ൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു.
തുടർന്ന് കേന്ദ്ര സർക്കാർ സമാനമായ ഒരു തുരങ്ക പദ്ധതി നിർദേശിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന ഒരു സാങ്കേതിക സമിതി രൂപവത്കരിക്കാനൊരുങ്ങുകയും ചെയ്തിരുന്നു.
എന്നാൽ, ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെയുള്ള തുരങ്കപാത ഭൂഗർഭ ജലസ്രോതസ്സുകൾക്ക് നാശമുണ്ടാക്കുമെന്നും സസ്യ-ജന്തുജാലങ്ങളുടെ വ്യാപകമായ നാശത്തിന് കാരണമാകുമെന്നും വാദിച്ച പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. ബന്ദിപ്പൂരിലെ യാത്ര വിലക്കുമായി ബന്ധപ്പെട്ട കേസ് 14 വർഷമായി സുപ്രീംകോടതിയിലാണ്. ഇനി കേസ് പരിഗണിക്കുമ്പോൾ തുരങ്കപാത നിർദേശം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.
ഏറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യമായ നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാതയും കാലങ്ങളായി പേപ്പറിലാണ്. ഇതിന്റെ ഡി.പി.ആർ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിലാണ് നടപടികളുണ്ടാകുന്നത്. റെയിൽവേയുടെ ഭാവിയിൽ നടപ്പാക്കേണ്ട പദ്ധതികൾ രേഖപ്പെടുത്തുന്ന പിങ്ക് ബുക്കിൽ പാതയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബന്ദിപ്പൂർ വനത്തിലൂടെ ദേശീയപാതയും റെയിൽവേ പാതയും ഒരു തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതിന്റെ സാധ്യതകളറിയിക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ റെയിൽവേക്കും ദേശീയപാത അതോറിറ്റിക്കും യോജിപ്പാണുള്ളതെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.