യൂനിഫോമിൽ മാറ്റമില്ല; മതപരമായ ചിഹ്നങ്ങൾ ധരിക്കാം- ബി.എം.ടി.സി
text_fieldsബംഗളൂരു: ബി.എം.ടി.സി (ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസില്‍ തൊപ്പി ധരിച്ചെത്തിയ കണ്ടക്ടറെ യാത്രക്കാരി ചോദ്യം ചെയ്യുകയും തൊപ്പി അഴിക്കാന്‍ പറയുകയും ചെയ്യുന്ന വിഡിയോ വൈറലായതിനു പിറകെ പ്രതികരണവുമായി ബി.എം.ടി.സി അധികൃതര്‍. 40 വര്‍ഷത്തിലേറെയായി ബി.എം.ടി.സിയുടെ നിയമത്തിലോ യൂനിഫോമിലോ ഒരു മാറ്റവുമില്ലെന്നും മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബി.എം.ടി.സി പി.ആര് ഓഫിസര്‍ ലത വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബസ് കണ്ടക്ടർ തൊപ്പി ധരിച്ചതിന്റെ പേരിൽ യാത്രക്കാരി കയർക്കുകയും തൊപ്പി അഴിപ്പിക്കുകയും സംഭവം വിഡിയോയിൽ പകർത്തി പുറത്തുവിടുകയും ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത ചിഹ്നങ്ങള്‍ ധരിച്ചു ജോലി ചെയ്യരുത് എന്നും തലയില്‍ നിന്നും തൊപ്പി മാറ്റണമെന്നും കണ്ടക്ടറോട് യുവതി ആവശ്യപ്പെടുകയായിരുന്നു.
താന്‍ വര്‍ഷങ്ങളായി ഇതേ വേഷം ധരിച്ചാണ് ജോലി ചെയ്യുന്നത് എന്ന് പ്രതികരിച്ച കണ്ടക്ടർ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി തൊപ്പി അഴിക്കുന്നതുമായിരുന്നു വിഡിയോ.വിഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. യുവതി സദാചാര പൊലീസ് ചമയുകയാണ് എന്ന് മറ്റൊരു വിഭാഗത്തിന്റെ വാദം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ ഉത്തരവിടുകയോ കേസ് ഫയല്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും യുവതിയെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ബി.എം.ടി.സി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.