കരാർ ഡ്രൈവർമാരില്ല; ധർമസ്ഥലയിൽ ആർ.ടി.സി ബസ് ഗതാഗതം സ്തംഭിക്കുന്നു
text_fieldsമംഗളൂരു: വിനോദസഞ്ചാര -തീർഥാടന കേന്ദ്രമായ ധർമസ്ഥലയിലെ ഡിപ്പോയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരുടെ കരാർ പുതുക്കാത്തതിനെത്തുടർന്ന് ബസ് സർവിസുകൾ സ്തംഭിക്കുന്നു.
പൂജ്യ, പന്നഗ കരാർ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ കരാർ കാലാവധി ഞായറാഴ്ച അവസാനിച്ചു. 72 കരാർ ഡ്രൈവർമാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ധർമസ്ഥല ഡിപ്പോയിൽ നിന്ന് സർവിസ് നടത്തുന്ന 128 ബസുകളിൽ മിക്കതും വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള ട്രിപ്പുകളാണ് കൂടുതലും റദ്ദാക്കുന്നത്. ഡിപ്പോയിൽ 136 ഡ്രൈവർ കം കണ്ടക്ടർമാരും 75 ഡ്രൈവർമാരും 29 കണ്ടക്ടർമാരും ജോലി ചെയ്യുന്നു.
ബദൽ ബസുകൾ ക്രമീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഡിപ്പോ അധികൃതർ അറിയിച്ചു. ഗ്രാമീണ മേഖലകളിലേക്കുള്ള ചില യാത്രകൾ റദ്ദാക്കി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
കരാർ കമ്പനികളുടെ സമീപനങ്ങളിൽ ഡ്രൈവർമാർ അതൃപ്തി രേഖപ്പെടുത്തി. പല ഡ്രൈവർമാരും അവരുടെ കമ്പനികളിൽ ഇതിനകം 25,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, കരാർ പുതുക്കുന്നതിന് 10,000 രൂപ അധികമായി നൽകാൻ ആവശ്യപ്പെടുന്നു. ഗണ്യമായ ശമ്പള കിഴിവുകൾ വരുത്തുകയും വാഗ്ദാനം ചെയ്ത തുകകൾ നൽകാതിരിക്കുകയും ചെയ്യുന്നതിൽ അവർ ആശങ്ക അറിയിച്ചു. ധർമസ്ഥല, ഉജിരെ, ബെൽത്തങ്ങാടി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും തിരിച്ചുമുള്ളവർക്കുമാണ് കൂടുതൽ പ്രയാസം നേരിടുന്നത്. കരാർ പുതുക്കൽ നടപടികൾ പൂർത്തിയാകാൻ ഇനിയും നാല് ദിവസങ്ങളെടുക്കുമെന്നാണ് ലഭ്യമാവുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.