വിവാദ പ്രസ്താവനകൾ പാടില്ല -സിദ്ധരാമയ്യ, ശിവകുമാർ
text_fieldsബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം പങ്കിടൽ അടക്കമുള്ള വിഷയങ്ങളിൽ പ്രസ്താവനകൾ ഇനിയുണ്ടാകരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാർക്ക് നിർദേശം നൽകി.
ശനിയാഴ്ച രാവിലെയാണ് 15 മന്ത്രിമാരുടെ യോഗം സിദ്ധരാമയ്യ വിളിച്ചത്. മന്ത്രിമാർക്കൊപ്പം ഇരുവരും പ്രാതൽ കഴിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ‘കാവേരി’ വീടിന്റെ വളപ്പിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഓഫിസിലാണ് യോഗം ചേർന്നത്. പാർട്ടി നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്നും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട സമയമാണിതെന്നുമുള്ള ഹൈകമാൻഡിന്റെ നിർദേശം യോഗത്തിൽ ഇരുവരും അറിയിച്ചു. വിവാദ പ്രസ്താവനകൾ ഇനി ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ മന്ത്രിമാർ നിർത്തണം. ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാറിന്റെ വികസന കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യേണ്ടത്. വിവിധ ജില്ലകളുടെ ചുമതലയുള്ള നേതാക്കൾ ഒാരോ ലോക്സഭ മണ്ഡലങ്ങളിലേക്കും പരിഗണിക്കാവുന്ന മൂന്നു സ്ഥാനാർഥികളുടെ വീതം സാധ്യത പട്ടിക നാലു ദിവസത്തിനകം നൽകണമെന്നും ഇരുവരും യോഗത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിനുശേഷം നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് വിലക്കിയിരുന്നു.
എന്നാൽ, അതിനുശേഷവും സംസ്ഥാന ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ വിവാദ പ്രസ്താവന നടത്തിയിരുന്നു. കോൺഗ്രസ് ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിലെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.