പാരമ്പര്യേതര ഊർജ ഉൽപാദനം; 5949 പഞ്ചായത്തുകളിൽ പി.പി.പി മോഡൽ ഊർജ ഉൽപാദന പദ്ധതി
text_fieldsമന്ത്രി പ്രിയങ്ക് ഖാർഗെ തദ്ദേശ സ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി അഞ്ജും പർവേസ്, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഗെസ്കോം) ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച
നടത്തുന്നു
ബംഗളൂരു: പൊതു സ്വകാര്യ പങ്കാളിത്ത(പി.പി.പി) മാതൃകയിൽ സംസ്ഥാനത്തെ 5949 ഗ്രാമപഞ്ചായത്തുകളിൽ പാരമ്പര്യേതര ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള ആശയം പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക് ഖാർഗെ ബുധനാഴ്ച ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു. പഞ്ചായത്തുകൾ വൈദ്യുതി ബില്ലുകൾ അടക്കാത്ത സാഹചര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബദൽ നീക്കം.
തദ്ദേശ സ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി അഞ്ജും പർവേസ്, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഗെസ്കോം) ഉദ്യോഗസ്ഥർ എന്നിവരുമായാണ് ആശയത്തിന്റെ പ്രാഥമിക പ്രായോഗികത വിലയിരുത്തൽ നടത്തിയതെന്ന് ഖാർഗെ എക്സ് വഴി അറിയിച്ചു. ഊർജ സ്വയംപര്യാപ്തത വർധിപ്പിച്ചും സുസ്ഥിര വികസനം പ്രോത്സാഹിപ്പിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഗ്രാമപഞ്ചായത്തുകൾക്ക് വൈദ്യുതി ആശ്രിതത്വവും ചെലവും കുറക്കാനും ഹരിത ഭാവിയിലേക്ക് സംഭാവന നൽകാനും കഴിയും. സാധ്യമായ നടപ്പാക്കൽ തന്ത്രങ്ങൾ, സാമ്പത്തിക മാതൃകകൾ, ഗ്രാമീണ സമൂഹങ്ങൾക്കുള്ള ദീർഘകാല നേട്ടങ്ങൾ എന്നിവയിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
2025-26 ലെ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വൈദ്യുതി ചെലവ് മൂലമുണ്ടാകുന്ന ഗ്രാമപഞ്ചായത്തുകളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിനായി പി.പി.പി പ്രകാരം സോളാർ മൈക്രോ ഗ്രിഡുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് (എസ്കോമുകൾ) തന്റെ വകുപ്പ് ധാരാളം പണം കടപ്പെട്ടിരിക്കുന്നുവെന്ന് പ്രിയങ്ക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.