നഴ്സിങ്: ഒരു വർഷത്തെ നിർബന്ധ സേവനം വരുന്നു
text_fieldsബംഗളൂരു: സംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികൾക്ക് സർക്കാർ മേഖലയിൽ ഒരു വർഷത്തെ സേവനം നിർബന്ധമാക്കുന്നു. കർണാടക ഭരണ പരിഷ്കാര കമീഷന്റെ നാലാമത് റിപ്പോർട്ടിലാണ് നിർദേശമുള്ളത്. സംസ്ഥാനത്തെ നഴ്സുമാരുടെ ഒഴിവുകൾ കുറക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. 2021ലാണ് മുൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറുടെ നേതൃത്വത്തിലുള്ള കമീഷനെ സർക്കാർ നിയോഗിച്ചത്.
ബി.എസ്.സി നഴ്സിങ്, ജി.എൻ.എം ഡിപ്ലോമ വിദ്യാർഥികളെ നിർബന്ധിത സേവനത്തിനായി ഒരു വർഷത്തേക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിയമിക്കുകയാണ് വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് നിശ്ചിത തുക സ്റ്റൈപ്പന്റും നൽകണം. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് ഡോക്ടർ-നഴ്സ് അനുപാതം 1:3 ആണ് വേണ്ടത്. എന്നാൽ, കർണാടകയിൽ ഇത് 1:1.7 ആണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2020 റിപ്പോർട്ട് പ്രകാരം കർണാടകയിലെ റെഗുലർ സ്റ്റാഫ് നഴ്സുമാരുടെ 14 ശതമാനം ഒഴിവുകളാണുള്ളത്. കരാർ നഴ്സുമാരുടെ എട്ട് ശതമാനം ഒഴിവുകളുമുണ്ട്. നഗരങ്ങളിലെ പി.എച്ച്.സികൾ, സി.എച്ച്.സികൾ എന്നിവിടങ്ങളിലാകട്ടെ ഇത്തരക്കാരുടെ 45 ശതമാനം ഒഴിവുകളും നികത്തപ്പെടാതെ കിടക്കുകയാണ്. എന്നാൽ, നിർബന്ധിത സേവനത്തിനെതിരെ മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് നഴ്സിങ് വിദ്യാർഥികൾക്കും ഇക്കാര്യം നിർബന്ധമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.