ഒ.ബി.സി സംവരണം റദ്ദാക്കൽ: മുസ്ലിംകളെ കൂടുതൽ പിന്നാക്കമാക്കും
text_fieldsബംഗളൂരു: ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള നാലു ശതമാനം ഒ.ബി.സി സംവരണം ഇല്ലാതായത് കർണാടകയിലെ മുസ്ലിംകളെ കൂടുതൽ പിന്നാക്കമാക്കും. സംസ്ഥാനത്തെ ജനസംഖ്യയിൽ 12.92 ശതമാനം വരുന്ന മുസ്ലിംകളെ രണ്ട് ബി വിഭാഗത്തിൽനിന്ന് മാറ്റി മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്തുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്.
മുസ്ലിംകളുടെ നാലു ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള പ്രമുഖ സമുദായങ്ങളായ വൊക്കലിഗർക്കും വീരശൈവ-ലിംഗായത്തിനും രണ്ടു ശതമാനം വീതം വീതിച്ചുനൽകി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. കുടുംബവരുമാനം അടിസ്ഥാനമാക്കിയുള്ള ഇ.ഡബ്ല്യു.എസിൽ ഉള്‍പ്പെട്ടതോടെ ശക്തരായ സമുദായങ്ങളായ ബ്രാഹ്മണൻ, വ്യാസ, ജെയിൻ തുടങ്ങിയവരോടൊപ്പം മുസ്ലിംകൾ മത്സരിക്കേണ്ട അവസ്ഥയാണ്. മത്സര പരീക്ഷളിലടക്കം ഉന്നത പരിശീലനം നേടിയെത്തുന്ന ഈ വിഭാഗങ്ങളോട് മത്സരിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകൾക്ക് സാധിക്കില്ല. ഫലത്തിൽ 15 വർഷത്തിനുള്ളിൽ തന്നെ കർണാടകയിലെ മുസ്ലിംകൾ ഏറെ പിന്നാക്കം പോകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഏതെങ്കിലും സാമൂഹിക പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മുസ്ലിം സംവരണം നീക്കിയത്.
കർണാടക സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത് ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി ഉത്തർപ്രദേശിലെ ദയൂബന്ദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പസ്മാന്ദ മുസ്ലിംകളുടെ ഉയർച്ചക്കായി നടപടിയെടുക്കുമെന്നുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിന് വിരുദ്ധമാണ് കർണാടകയിലേത്. അരികുവൽകരിക്കപ്പെട്ട സമൂഹങ്ങളെ ഉയർത്തുമെന്ന് ഒരുഭാഗത്ത് മോദി പറയുന്നു. എന്നാൽ മറുഭാഗത്ത് മുസ്ലിംകളെ കൂടുതൽ ദുർബലപ്പെടുത്തുന്നു. ഔദ്യോഗിക സർക്കാർ രേഖകൾ പ്രകാരം രാജ്യത്തെ മുസ്ലിംകൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നാക്കമാണ്. മുസ്ലിംകളേക്കൾ ഉയർന്ന സംവരണം മറ്റാരും അർഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഏറ്റവും മോശമായ നടപടിയാണ് കർണാടകയിൽ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധ്രുവീകരണത്തിലൂടെ വോട്ടുനേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും സംവരണം പുനഃസ്ഥാപിക്കണമെന്നും കർണാടക വഖഫ് ബോർഡ് ആവശ്യപ്പെട്ടു. മറ്റ് സമുദായങ്ങൾക്ക് സംവരണം നൽകുന്നതിലല്ല തങ്ങളുടേതിൽ നിന്ന് എടുത്തുനൽകുന്നതിലാണ് എതിർപ്പെന്നാണ് മുസ്ലിം നേതാക്കളുടെ നിലപാട്. നിലവിൽ പട്ടികജാതിക്കാർക്കും വർഗക്കാർക്കും താഴെയാണ് വിദ്യാഭ്യാസമേഖലയിൽ മുസ്ലിംകൾ ഉള്ളതെന്നും അവരെ വീണ്ടും അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഉലമ കൗൺസിൽ അംഗമായ ബംഗളൂരു ജാമിഅ മസ്ജിദിലെ മഖ്സൂദ് ഇംറാൻ മൗലവി പറഞ്ഞു. മുസ്ലിം നേതാക്കൾ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. സംവരണം പുനഃസ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നിലപാട് മുസ്ലിം വിവേചനമാണെന്ന് സോളിഡാരിറ്റി കർണാടക ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.