എതിർപ്പുയർന്നു, വേദഗണിതം പഠിപ്പിക്കൽ പദ്ധതി പിൻവലിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വേദഗണിതം പഠിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി. വ്യാപക എതിർപ്പുയർന്നതോടെയാണിത്. ഷിദ്ലഘട്ട േബ്ലാക്ക് എജുക്കേഷൻ ഓഫിസറാണ് കഴിഞ്ഞ ദിവസം വിവാദ മെമ്മോ ഇറക്കിയത്. സർക്കാർ സ്കൂളുകളിലെ പിന്നാക്കജാതി-വർഗ വിദ്യാർഥികൾക്ക് വേദഗണിതം പഠിപ്പിക്കുന്ന സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. വിദ്യാഭ്യാസവകുപ്പിന്റെ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതി നിർത്തിവെച്ചതായാണ് പുതിയ അറിയിപ്പിൽ പറയുന്നത്.
അതേസമയം, പദ്ധതിയുടെ ചുമതലക്കാർ എന്ന് സർക്കാർ പറയുന്ന റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് വകുപ്പ് പറയുന്നത് എജുക്കേഷൻ ഓഫിസറുടെ അറിയിപ്പ് സംബന്ധിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ്. ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (എസ്.സി.എസ്.പി), ട്രൈബൽ സബ്പ്ലാൻ (ടി.എസ്.പി) എന്നീ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വേദഗണിതം പഠിപ്പിക്കാനായിരുന്നു സർക്കാർ പദ്ധതി.
അഞ്ചുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പരിധികളിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലെയും പട്ടികജാതി-വർഗ വിദ്യാർഥികൾക്കാണ് വേദഗണിതം പഠിപ്പിക്കാനിരുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാത്ത വേദകാലഘട്ടത്തിലേതെന്ന് പറയുന്ന ഗണിതം പഠിപ്പിക്കുന്നത് കാവിവത്കരണത്തിന്റെ തുടർച്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. ദലിത് സാമൂഹികപ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഹിരിയൂരിലെ എ.വി.എം അക്കാദമിയുമായി സഹകരിച്ച് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ് വകുപ്പാണ് പദ്ധതി നടപ്പാക്കാനിരുന്നത്. നേരത്തേ സ്കൂൾ പാഠ്യപദ്ധതി കാവിവത്കരിക്കാനുള്ള നീക്കം വൻ എതിർപ്പിനിടയാക്കിയിരുന്നു. തുടർന്നാണ് പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്താമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.