മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പരാമർശം; ബി.ജെ.പി എം.എൽ.സി സി.ടി. രവി അറസ്റ്റിൽ
text_fieldsബംഗളൂരു: വ്യാഴാഴ്ച നിയമസഭാ കൗൺസിലിൽ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ അശ്ലീല പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.സി സി.ടി. രവി അറസ്റ്റിൽ. ബെളഗാവിയിലെ സുവർണ വിധാന സൗധ പരിസരത്തുനിന്നാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
അംബേദ്കർക്കെതിരായ അമിത് ഷായുടെ അപകീർത്തികരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ സി.ടി. രവി അശ്ലീല പരാമർശം നടത്തിയത്. തുടർന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെളഗാവി ഹിരേബാഗേവാഡി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു. ആരോപണങ്ങൾ സി.ടി. രവി നിഷേധിച്ചു.
അതേസമയം, മന്ത്രി ഹെബ്ബാൾക്കർ ഈ വിഷയത്തിൽ നിയമനിർമാണ കൗൺസിൽ ചെയർമാനോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരായ ബഹളത്തെത്തുടർന്ന് ചെയർമാൻ ബസവരാജ് ഹൊരട്ടി സഭ കുറച്ചുനേരം നിർത്തിവെച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ രവി ഹെബ്ബാൾക്കറിനെതിരെ അപകീർത്തികരമായ വാക്ക് പലതവണ ഉപയോഗിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.ചെയർമാൻ സഭ നിർത്തിവെച്ചതിനുശേഷമാണ് സംഭവമുണ്ടായതെന്നും ആ സമയത്ത് അദ്ദേഹം ഹെബ്ബാൾക്കറിന് രണ്ടുവരി പിന്നിൽ നിൽക്കുകയായിരുന്നുവെന്നും കോൺഗ്രസ് എം.എൽ.സി യതീന്ദ്ര സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഹെബ്ബാൾക്കറും രവിയും തമ്മിൽ വാക്പോരുണ്ടായി, ലക്ഷ്മി ഹെബ്ബാൾക്കർ രവിക്കെതിരെ ചില പരാമർശങ്ങൾ നടത്തിയപ്പോൾ, അയാൾ അവർക്കെതിരെ അപകീർത്തികരമായ വാക്ക് ഉപയോഗിച്ചു, ഒരു ജനപ്രതിനിധിക്ക് ഇത്തരമൊരു വാക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അശ്ലീല പ്രയോഗം നടത്തിയ ശേഷം അയാൾ പുറത്തുപോയി. ഞങ്ങൾ ചെയർമാനോട് പരാതിപ്പെടുകയും രവിയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓഡിയോയും വിഡിയോയും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ചെയർമാൻ ഉറപ്പുനൽകിയതായും യതീന്ദ്ര പറഞ്ഞു.
അതിനിടെ, ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികളിൽ ചിലർ സി.ടി. രവിക്കെതിരെ സുവർണ വിധാന സൗധ പരിസരത്ത് പ്രതിഷേധിച്ചു. പ്രതിഷേധം നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തനിക്കെതിരായ ആരോപണം തെറ്റാണെന്ന് സി.ടി. രവി പ്രതികരിച്ചു. സംഭവത്തിന്റെ ഓഡിയോയും വിഡിയോയും പരിശോധിക്കട്ടെ. അതേക്കുറിച്ച് ഇപ്പോൾ ഒന്നും പറയില്ല. താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നിയതെന്ന് തനിക്കറിയില്ലെന്നും സി.ടി. രവി പറഞ്ഞു.
ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ ബി.ജെ.പി നേതാവ് സി.ടി. രവി നടത്തിയ പരാമർശം വൃത്തികെട്ടതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കറോട് അദ്ദേഹം വളരെ വൃത്തികെട്ട വാക്ക് ഉപയോഗിച്ചു. ലക്ഷ്മി ഹെബ്ബാൾക്കറിന് വേദനയുണ്ട്. ഇത് ഒരു തരത്തിൽ അവർക്കെതിരായ ലൈംഗിക പീഡനമാണ്. അത് ക്രിമിനൽ കുറ്റത്തിന് തുല്യമാണ്. അവർ ചെയർമാനോടും പൊലീസിനോടും പരാതിപ്പെട്ടിട്ടുണ്ട്. നിയമപ്രകാരം പൊലീസ് നടപടിയെടുക്കും- സിദ്ധരാമയ്യ പറഞ്ഞു.
1.അംബേദ്കർക്കെതിരായ അമിത് ഷായുടെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന് 2.ബംഗളൂരുവിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം
അംബേദ്കറുടെ ഭരണഘടനയില്ലായിരുന്നെങ്കിൽ അമിത്ഷാ ആക്രി കച്ചവടക്കാരനായേനെ -സിദ്ധരാമയ്യ
ബംഗളൂരു: അംബേദ്കറുടെ ഭരണഘടനയില്ലായിരുന്നെങ്കിൽ അമിത്ഷാ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ‘ഗുജാരി’ (ആക്രി കച്ചവടക്കാരൻ) ആയേനെയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭരണഘടന പ്രകാരമാണ് രാജ്യസഭയുടെ പ്രവർത്തനം രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ നടത്തുന്നതെങ്കിൽ അടിയന്തരമായി അമിത്ഷായെ സസ്പെൻഡ് ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ അംബേദ്കറെ അവഹേളിച്ച് നടത്തിയ പ്രസ്താവന സംബന്ധിച്ച് വ്യാഴാഴ്ച നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
കേന്ദ്രമന്ത്രി അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് അംബേദ്കർ ചിത്രവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ. ഭരണപക്ഷ അംഗങ്ങൾ മുഴുവൻ അംബേദ്കർ ചിത്രവുമായാണ് വ്യാഴാഴ്ച സഭയിലിരുന്നത്
‘ബാബാ സാഹെബ് അംബേദ്കർക്കെതിരായ അമിത്ഷായുടെ അപകീർത്തികരമായ പരാമർശം രാജ്യം മുഴുവൻ കേട്ടതാണ്. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും മനസ്സിലുള്ളതാണ് അമിത്ഷാ പുറത്തുപറഞ്ഞതെന്നും അതിൽ അത്ഭുതപ്പെടാനില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഭരണഘടനയില്ലായിരുന്നെങ്കിൽ അമിത്ഷാ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ആക്രിക്കച്ചവടക്കാരനായി ഇരുന്നേനെ. ഭരണഘടനയെന്ന ഒറ്റക്കാരണം കൊണ്ടാണ് ബി.ജെ.പിയും സംഘ്പരിവാറും അംബേദ്കറെ വെറുക്കുന്നത്. ഭരണഘടന വരുന്നതിനുമുമ്പ് ഇന്ത്യൻ സമൂഹത്തിൽ മനുസ്മൃതിയാണുണ്ടായിരുന്നത്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനപരമായ നിയമങ്ങളാണതിലുണ്ടായിരുന്നത്.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും വിഭാവനം ചെയ്ത അംബേദ്കർ ഭരണഘടന രാജ്യത്തിന് സമർപ്പിക്കുക മാത്രമല്ല, അലിഖിത ഭരണഘടനയായി നിലകൊണ്ട മനുസ്മൃതി കത്തിക്കുക കൂടി ചെയ്തിരുന്നു. 1927 ഡിസംബർ 25 നാണ് അംബേദ്കർ പരസ്യമായി മനുസ്മൃതി കത്തിച്ചത്. 22 വർഷത്തിനുശേഷം അദ്ദേഹം രാജ്യത്തിന് ഭരണഘടന സമർപ്പിക്കുകയും ചെയ്തു. അംബേദ്കർക്കെതിരായ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിദ്വേഷ പ്രചാരണം ഇത് ആദ്യമായല്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഭരണഘടനക്കെതിരെ ആർ.എസ്.എസ് മുഖപത്രം എഡിറ്റോറിയൽ എഴുതുകയും അംബേദ്കറെ ‘പണ്ഡിതനൻ’ എന്ന് കളിയാക്കുകയും ചെയ്തിട്ടുണ്ടെന്നും ആ എഡിറ്റോറിയലിനെ ഇന്നുവരെ ആർ.എസ്എസ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.