പ്രസവ ശസ്ത്രക്രിയ മരണങ്ങൾ; ഡ്രഗ്സ് കൺട്രോളർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു : ബെല്ലാരി ഗവ.ജില്ല ആശുപത്രിയിലെ കോളിളക്കം സൃഷ്ടിച്ച കൂട്ട പ്രസവ ശസ്ത്രക്രിയ മരണത്തിൽ നടപടിയുമായി സർക്കാർ. കഴിഞ്ഞ മാസം അവസാന വാരം പ്രസവ ശസ്ത്രക്രിയെത്തുടർന്ന് നാലു സ്ത്രീകളും പ്രസവത്തെത്തുടർന്ന് ഒരാളും മരിച്ച സംഭവത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. എസ്. ഉമേഷിനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ പേരിൽ വകുപ്പുതല അന്വേഷണം നടത്താനും താക്കീതിനും ബെല്ലാരി ജില്ല സർജനെ താക്കീത് ചെയ്യാനും സർക്കാർ തീരുമാനിച്ചു.
ലളിതാമ്മ(30), റോസമ്മ(27), നന്ദിനി(29), മസ്കാൻ(26) എന്നിവരാണ് പ്രസവ ശസ്ത്രക്രിയയിൽ ഒരാഴ്ചക്കിടയിൽ മരിച്ചത്. മഹാലക്ഷ്മി(20) വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ സുഖപ്രസവാനന്തരം മൂന്നാംനാൾ അമിത രക്തസ്രാവത്തെത്തുടർന്നും മരിച്ചു. സ്ത്രീകളുടെ മരണത്തിൽ ലോകായുക്ത സ്വമേധയാ കേസെടുത്തു.ശസ്ത്രക്രിയക്കിടെ നൽകിയ നിലവാരം കുറഞ്ഞ റിങ്ങേഴ്സ് ലാക്ടേറ്റാണ് (ഐ.വി. ഫ്ലൂയിഡ്) മരണത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. റിങ്ങേഴ്സ് ലാക്ടേറ്റ് വിതരണം ചെയ്ത പശ്ചിമ ബംഗാളിലെ പാസ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസിന്റെ പേരിൽ കേസെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഈ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കമ്പനിയെക്കൊണ്ട് നഷ്ടപരിഹാരം നൽകിക്കാനുള്ള നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടുലക്ഷം രൂപ വീതം കർണാടക സർക്കാർ സഹായം നൽകും.
സംഭവത്തിൽ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന് എതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിശോഭ കാറന്ത് ലാജെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നതായും നാലു ജില്ലകളിൽ 30 സ്ത്രീകളും 111 നവജാത ശിശുക്കളും മരിച്ചതായി അവർ ആരോപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.