കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയ വയോധികനെ സംരക്ഷണ കേന്ദ്രത്തിലാക്കി
text_fieldsബംഗളൂരു: അവശനിലയിൽ ഏതാനും ദിവസങ്ങളായി കടത്തിണ്ണയിൽ കഴിയുകയായിരുന്ന മലയാളി വയോധികനെ മലബാർ മുസ്ലിം അസോസിയേഷൻ ഏറ്റെടുത്ത് വൃദ്ധസദനത്തിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ആളൂർ സ്വദേശി ആന്റണിയെയാണ് (70) സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
അദ്ദേഹം നൽകിയ വിവരമനുസരിച്ച് നാട്ടിലും ബംഗളൂരുവിലും ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. നാലുദിവസം എം.എം.എ പ്രവർത്തകരായ പി.എം. മുഹമ്മദ് മൗലവിയുടെയും അശ്റഫ് മൗലവിയുടെയും നേതൃത്വത്തിൽ പരിചരണത്തിലുണ്ടായിരുന്ന ആന്റണിയെ അദ്ദേഹത്തിന്റെ അനുമതിയോടെ കലാസിപാളയം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവർ റിപ്പോർട്ട് തയാറാക്കിയശേഷം വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വർഷങ്ങൾക്കുമുമ്പ് ബംഗളൂരിൽ എത്തിയ ആന്റണി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. ചായക്കടകളിലും ബേക്കറികളിലുമായി ജോലി ചെയ്തിരുന്ന അദ്ദേഹം ശാരീരിക പ്രയാസം കാരണം കുറച്ചുകാലമായി ജോലിയൊന്നും ചെയ്തിരുന്നില്ല. മലബാർ മുസ്ലിം അസോസിയേഷൻ ബന്നാർഘട്ട റോഡിലെ വൃദ്ധസദനവുമായി ബന്ധപ്പെടുകയും അവർ ഏറ്റെടുക്കാൻ തയാറാവുകയുമായിരുന്നു. വൈദ്യപരിശോധന നടത്തി ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.