നഗരം ഓണാഘോഷത്തിരക്കിലേക്ക്
text_fieldsബംഗളൂരു: ഓണക്കാലമായതോടെ പ്രവാസി മലയാളികളുടെ ആഘോഷങ്ങളും പൊടിപൊടിക്കുകയാണ്. ബംഗളൂരുവിൽ ആഴ്ചകൾക്ക് മുമ്പെ തുടങ്ങിയ ആഘോഷം ഓണക്കാലം കഴിഞ്ഞും തുടരും. അവധി ദിനമായ ഞായറാഴ്ച ബംഗളൂരുവിലും മൈസൂരുവിലും വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ആഘോഷങ്ങൾ അരങ്ങേറും.
ജൂബിലി കോളജ് മെഗാ തിരുവാതിര
കേരളസമാജം ദൂരവാണിനഗറിനു കീഴിൽ വിജിനപുരയിൽ പ്രവർത്തിക്കുന്ന ജൂബിലി പി.യു കോളജ് മെഗാ തിരുവാതിര സംഘടിപ്പിക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കോളജ് മൈതാനത്ത് ഓണപ്പാട്ടുകൾ, നാടോടി നൃത്തം, ചെണ്ടമേളം എന്നീ പരിപാടികളും അരങ്ങേറും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ മുഖ്യാതിഥിയാവും. വിശദ വിവരങ്ങൾക്ക് 94485 09899, 99458 42273 നമ്പറുകളിൽ ബന്ധപ്പെടണം.
ഇൻഫന്റ് ജീസസ് സെന്ററിൽ ഓണം ചിത്രരചന മത്സരം ഇന്ന്
മൈസൂരു ഇൻഫന്റ് ജീസസ് കാത്തലിക് സെന്റർ സംഘടിപ്പിക്കുന്ന പത്താമത് ഐ.ജെ.സി.സി ഓണം ചിത്രരചന മത്സരം ഞായറാഴ്ച നടക്കും. എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെയുള്ള കുട്ടികൾക്ക് നാലു വിഭാഗങ്ങളിലായാണ് മത്സരം. മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ വൈകീട്ട് 3.30ന് ആരംഭിക്കുന്ന മത്സരം ഫാ. തോമസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്യും. ഐ.ജെ.സി.സി പ്രസിഡന്റ് എ.ആർ. ജോസഫ് അധ്യക്ഷത വഹിക്കും. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവുമായി ഞായറാഴ്ച ഉച്ചക്ക് 2.30ന് മുമ്പ് മത്സരവേദിയിൽ റിപ്പോർട്ട് ചെയ്യണം.
കലാവേദി ഓണം കായികമേള ഇന്ന്
ഓണാഘോഷത്തിന്റെ ഭാഗമായി കലാവേദിയുടെ ആഭിമുഖ്യത്തിൽ കായിക മത്സരങ്ങൾ ഞായറാഴ്ച അരങ്ങേറും. മാറത്തഹള്ളി കലാഭവനിൽ രാവിലെ 10.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഫുട്ബാൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, കസേരകളി, ഉറിയടി, ത്രോബാൾ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 98456 91596 നമ്പറിൽ ബന്ധപ്പെടണം.
ഓണാഘോഷവും തിരുവാതിര മത്സരവും
എൻ.എസ്.എസ് കർണാടകയുടെ നേതൃത്വത്തിൽ ഓണാഘോഷവും സ്ത്രീശക്തി സമ്മേളനവും തിരുവാതിര മത്സരവും നടത്തും. എച്ച്.എ.എൽ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി മുൻ മന്ത്രി ബെരതി ബസവരാജ് ഉദ്ഘടനം ചെയ്യും. സ്ത്രീശക്തി സമ്മേളനത്തിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഗായത്രി ആർ. മേനോൻ മുഖ്യ പ്രഭാഷണം നടത്തും. കരയോഗങ്ങൾ തമ്മിലുള്ള തിരുവാതിര മത്സരവും കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും നടക്കും. കരയോഗങ്ങളിലെ 80 വയസ്സിനു മുകളിലുള്ള അമ്മമാരെ ചടങ്ങിൽ ആദരിക്കും. ഫോൺ: 9448546497.
ബ്യാറ്റരായനപുര നിയോജക മണ്ഡലം ഓണം ഫെസ്റ്റ് 16ന്
ബ്യാറ്റരായനപുര നിയോജക മണ്ഡലം ഓണം ഫെസ്റ്റ് സെപ്റ്റംബർ 16ന് രാവിലെ 10.30 മുതൽ ജക്കൂർ അമരാ കൺവെൻഷൻ ഹാളിൽവെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മണ്ഡലം എം.എൽ.എയും കർണാടക റവന്യൂ മന്ത്രിയുമായ കൃഷ്ണ ബൈരെഗൗഡ തന്റെ നിയോജക മണ്ഡലത്തിലെ മലയാളികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓണാഘോഷം മലയാളി സമൂഹത്തിന് ഉത്സവമാണ്. അത്തപ്പൂക്കള മത്സരം, ഫാഷൻ ഷോ, ശിങ്കാരിമേളം, സംഗീത പരിപാടി, വിവിധ കലാപരിപാടികൾ, മഹാബലി, ഓണം സദ്യ എന്നിവ നടക്കും. മലയാള സിനിമ പിന്നണി ഗായിക ചിത്ര അയ്യർ മുഖ്യാതിഥിയാവും. വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. അത്തപ്പൂക്കള മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനമായി 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9632524264, 9448019005 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കൈരളി കൾച്ചറൽ അസോ. ഓണച്ചന്ത
കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആഗസ്റ്റ് 27, 28 തീയതികളിൽ നടക്കും. കാഡുഗൊഡി കെ.സി.എ ഹാളിൽ രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് ചന്ത പ്രവർത്തിക്കുക.
നേന്ത്രപ്പഴം, നേന്ത്രക്കായ, ഉപ്പേരി, ശർക്കരവരട്ടി, നാടൻ പച്ചക്കറികൾ എന്നിവയുടെ വിൽപന ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 29ന് പൂക്കള മത്സരം നടക്കും. സെപ്റ്റംബർ ഒന്നിന് ഓണസദ്യ, വിവിധയിനം കലാപരിപാടികൾ എന്നിവ നടക്കും. ഫോൺ: 9844160929.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ആഗസ്റ്റ് 26, 27 തീയതികളിൽ സംഘടിപ്പിക്കും. മൈസൂരു റോഡ് ബ്യാറ്റരായനപുരയിലെ ഡെക്കാൻ കൾചറൽ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് ചന്ത പ്രവർത്തിക്കുക. ഫോൺ: 9845185326.
‘വർണങ്ങൾ 2023’ ഓണാഘോഷം
ബംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തനുർ സോണിന്റെ ഓണാഘോഷം ‘വർണങ്ങൾ 2023’ സെപ്റ്റംബർ 17ന് നടക്കും. വിങ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ നടി ശ്രുതി ലക്ഷ്മി നയിക്കുന്ന മെഗാ ഷോ, ഗാനമേള, ശിങ്കാരിമേളം, പഞ്ചാരി മേളം, ഓണസദ്യ എന്നിവയുണ്ടാകും.
അന്തർ സംസ്ഥാന വടംവലിയുമായി ദീപ്തി ഓണോത്സവം
ദീപ്തി വെൽഫെയർ അസോസിയേഷൻ ഓണോത്സവത്തിൽ അന്തർ സംസ്ഥാന വടംവലി മത്സരം അരങ്ങേറും. സെപ്റ്റംബർ 10ന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ദോസ്തി മൈതാനിയിൽ നടക്കുന്ന വടംവലി മത്സരത്തിൽ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള ടീമുകൾ പങ്കെടുക്കും. ഒന്നാം സ്ഥാനക്കാർക്ക് അരലക്ഷം രൂപയും ദീപ്തി ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ഷീൽഡും സമ്മാനമായി നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും. ഫോൺ: 9341960055.
കെ.എൻ.എസ്.എസ് പീനിയ ഓണാഘോഷം ഇന്ന്
കെ.എൻ.എസ്.എസ് പീനിയ കരയോഗം വാർഷികവും ഓണാഘോഷവും ഞായറാഴ്ച നടക്കും. നെലഗദരനഹളി സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ മുനിരാജു എം.എൽ.എ മുഖ്യാതിഥിയാവും. പൂക്കള മത്സരം, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ നടക്കും. ഓണസദ്യക്ക് ശേഷം ഉച്ചക്ക് 2.30 മുതൽ കണ്ണൂർ മെലഡീസിന്റെ ഗാനമേളയും നാടൻപാട്ടും ഉണ്ടാകും. വൈകീട്ട് 5.30ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’ നാടകം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.