കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷം
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘ഓണനിലാവ് 2024’ ഡി.എസ്.എ ഭവനിൽ വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമ ഡയറക്ടറുമായ വിനയ പ്രസാദ് മുഖ്യാതിഥിയായി.
മലയാളവുമായും കേരളവുമായും തനിക്കുള്ള ബന്ധത്തെക്കുറിച്ച് നടി വിനയ പ്രസാദ് ഓർമിച്ചു. എം.ടിയുടെ പെരുന്തച്ചനിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള തന്റെ എൻട്രിയെന്നും ആ ലൊക്കേഷനിൽവെച്ച് നടൻ തിലകൻ ഹിന്ദിയിലും നെടുമുടി വേണു ഇംഗ്ലീഷിലും തനിക്ക് സിനിമയെക്കുറിച്ച് വിവരിച്ചുതരുമായിരുന്നെന്നും അവർ പറഞ്ഞു. പിന്നീട് മലയാളം പഠിച്ചെടുക്കാനായിരുന്നു ശ്രമം. സ്വപ്രയത്നത്തിലൂടെ മലയാളം നന്നായി വായിക്കാനും സംസാരിക്കാനും പഠിച്ചു.
മലയാളം എഴുത്തിനെക്കുറിച്ച് അഭിമാനമുള്ള കലാകാരിയാണ് താൻ. എവിടെ ചെന്നാലും ഏതൊരു കാര്യത്തിലും ഒരു ശ്രമം നടത്തുക എന്നത് മലയാളിയുടെ പ്രത്യേകതയാണെന്നും അതാണ് മലയാളിയുടെ വിജയത്തിന് പിന്നിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി...’ എന്ന പാട്ടുപാടിയാണ് വിനയ പ്രസാദ് സംസാരം അവസാനിപ്പിച്ചത്.
യശ്വന്ത്പൂർ എം.എൽ.എ എസ്.ടി. സോമശേഖർ, നടി നിമിഷ കെ. ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ, അനുപമ പഞ്ചാക്ഷരി, മുൻ കോർപറേറ്റർ സത്യനാരായണ എന്നിവർ അതിഥികളായിരുന്നു. ബംഗളൂരുവിലെ കലാസാംസ്കാരിക സംഘടന നേതാക്കളെ വേദിയിൽ ആദരിച്ചു. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ട്രഷറർ പി.കെ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് വരപ്രത്ത് ബാലകൃഷ്ണൻ നമ്പ്യാർ മെമ്മോറിയൽ എൻഡോവ്മെൻഡ് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി. സമാജം അംഗങ്ങൾ ഒരുക്കിയ കലാവിരുന്ന്, വിജിത ജിതീഷ് എഴുതിയ ‘തുമ്പപ്പൂ’ എന്ന കൃതിയുടെ പ്രകാശനം, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് ഒരുക്കിയ ഗായകരായ റിതുരാജ്, ശ്യാം ലാൽ, അശ്വതി രമേശ്, ശ്രീലക്ഷ്മി, ഷിജു എന്നിവർ നയിച്ച ഗാനമേള, ചാനൽ താരങ്ങളായ ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ ഒന്നിച്ച കോമഡി ഷോ, ഗോകുൽ കൃഷ്ണ ഒരുക്കിയ വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.