ഓണം കെങ്കേമമാക്കാൻ ഉത്രാടപ്പാച്ചിൽ
text_fieldsബംഗളൂരു: കോവിഡ്കാലം കടന്നെത്തിയ ഓണാഘോഷക്കാലത്ത് തിമിർത്തുപെയ്യുന്ന മഴയിലും ബംഗളൂരു നഗരത്തിൽ മലയാളികൾക്ക് ആവേശം ചോരുന്നില്ല. വിവിധ പ്രദേശങ്ങളിൽ മലയാളി സംഘടനകൾക്കും മലയാളി കൂട്ടായ്മകൾക്കും കീഴിൽ സജീവമായ ഓണച്ചന്തകളിൽ മിക്കതും വ്യാഴാഴ്ച വൈകീട്ടുവരെ പ്രവർത്തിക്കും. നേന്ത്രക്കുലയും കായ വറുത്തതും ശർക്കര വരട്ടിയും അച്ചാറും പപ്പടവും പാലടയും പച്ചക്കറികളും എന്നുവേണ്ട ഓണാഘോഷത്തിനും സദ്യവട്ടത്തിനും വേണ്ടതെല്ലാം ചന്തകളിൽ ഒരുക്കിയിട്ടുണ്ട്. ഉത്രാടനാളിൽ സാധനങ്ങൾ ഒരുക്കാനുള്ള അവസാന ഓട്ടപ്പാച്ചിലിന് നാട്ടിലും നഗരത്തിലും ഒരേ തിരക്കുതന്നെയാണെന്ന് പ്രവാസി മലയാളികൾ പറയുന്നു.
കേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ എൻ.ആർ.ഐ ലേഔട്ടിൽ സംഘടിപ്പിച്ച ഓണച്ചന്ത മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. മഹിളവിഭാഗം തയാറാക്കിയ വിവിധയിനം അച്ചാറുകൾ, പായസം മുതലായവ മഹിളവിഭാഗം സ്റ്റാളിൽ ലഭിക്കും. കൂടാതെ മുപ്പതു സ്വകാര്യ സ്റ്റാളുകളിൽ കേരള തുണിത്തരങ്ങൾ വെളിച്ചെണ്ണ കയർ ഉൽപന്നങ്ങൾ മുതലായവ ലഭിക്കും. ചന്ത ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും.
ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ചൊവ്വാഴ്ച സമാപിച്ചു. ഉത്രാടദിനത്തിൽ കേരളസമാജം കെ.ആർ പുരം സോണിന്റെ നേതൃത്വത്തിൽ ഓണപ്പായസ വിൽപന ഒരുക്കിയിട്ടുണ്ട്. ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയുടെ പ്രവർത്തനം ബുധനാഴ്ച വൈകീട്ട് എട്ടുവരെയുണ്ടാകും. കാഡുഗൊഡി കൈരളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചന്ത രാത്രി 7.30വരെ പ്രവർത്തിക്കും.
കേരള സമാജം പൂക്കളമത്സരം സംഘടിപ്പിച്ചു
ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിച്ചു. ഇന്ദിരനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൾചറൽ സെക്രട്ടറി വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ജേക്കബ് വർഗീസ്, ജോർജ് തോമസ്, ചിത്രകാരൻ മാരായ ഭാസ്കരൻ ആചാരി, നാരായണൻ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. വാശിയേറിയ മത്സരത്തില്‍ ഷാജിയും സംഘവും (ഫൈവ് ഫ്ലവേഴ്സ് വൈറ്റ്ഫീല്‍ഡ്) ഒന്നാംസ്ഥാനവും അമൃത സുരേഷും സംഘവും (കെ.ആർ പുരം സോൺ ) രണ്ടാം സ്ഥാനവും അശ്വതിയും സംഘവും ( കെ.ആർ പുരം സോൺ) മൂന്നാം സ്ഥാനവും നേടി.
ഒന്നാം സമ്മാന ജേതാവിന് രാജീവ് മെമ്മോറിയല്‍ റോളിങ് ട്രോഫിയും 10000 രൂപയും ലഭിച്ചു. രണ്ടാം സമ്മാനം ട്രോഫിയും 5000 രൂപയും മൂന്നാം സമ്മാനം ലഭിച്ച ടീമിന് 3000 രൂപയും ട്രോഫിയും അഞ്ചു ടീമുകള്‍ക്ക് 1500 രൂപയും ട്രോഫിയും നൽകി. അമൃത ഉമേഷ്, കവന, അദിതി, കെ.ആർ ദീപ്തി, മനുപ്രിയ എന്നിവര്‍ നയിച്ച ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 35 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ബാംഗ്ലൂരിലെ ചിത്രകാരന്മാരായ ഭാസ്കരൻ ആചാരി, നാരായണൻ നമ്പൂതിരി എന്നിവർ വിധികർത്താക്കളായി.
കലാവേദി ഓണോത്സവം സംഘടിപ്പിച്ചു
ബംഗളൂരു: സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷ പരിപാടികൾ 'ഓണോത്സവം-2022' എന്നപേരിൽ സംഘടിപ്പിച്ചു. മാറത്തഹള്ളി റിങ് റോഡ് കലാഭവനിൽ നടന്ന ആഘോഷത്തിന് ഡബിൾ തായമ്പകയും നൃത്തപരിപാടികളും മാറ്റേകി. നടൻ ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി. സംവിധായകനും നിർമാതാവുമായ സലിം അഹമ്മദ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. കലാവേദി പ്രസിഡന്റ് ടി. രമേശ്, വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ചെയർമാനുമായ ആർ.കെ.എൻ. പിള്ള, പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.പി. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച വിദ്യാർഥികൾക്ക് സ്വർണമെഡൽ കൈമാറി രഞ്ജിനി ജോസ്, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ നയിച്ച ഗാനമേള അരങ്ങേറി.
പൊന്നോണ സംഗമം 24ന്
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷ പരിപാടിയായ 'പൊന്നോണ സംഗമം 2022' സെപ്റ്റംബർ 24ന് നടക്കും. ഇന്ദിര നഗർ ഇൗസ്റ്റ് കൾചറൽ അസോസിയേഷൻ (ഇ.സി.എ) ഹാളിൽ നടക്കുന്ന സംഗമത്തിന്റെ ബ്രോഷർ പ്രകാശനം ദൊംലൂരിലെ രാജേഷ് കുമാറിന്റെ വസതിയിൽ നടന്നു. പ്രസിഡന്റ് മോഹൻ രാജിന് ബ്രോഷർ കൈമാറി പ്രോഗ്രാം കൺവീനർ സജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പൊന്നോണ സംഗമത്തിൽ വിവിധ കലാപരിപാടികളും ഓണസദ്യയും മ്യൂസിക് ഷോയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9972330461.
ധ്വനി വാർഷികവും ഓണാഘോഷവും
ബംഗളൂരു: ധ്വനി പതിമൂന്നാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25ന് നടക്കും. ദാസറഹള്ളി സന്തോഷ് നഗറിലെ കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന ആഘോഷത്തിൽ കെ.എൻ.എസ്.എസ് മഹിള വിഭാഗം കൺവീനർ രാജലക്ഷ്മി രാധാകൃഷ്ണൻ, കവയത്രിയും എഴുത്തുകാരിയുമായ രമ പ്രസന്ന പിഷാരടി എന്നിവർ അതിഥികളായി പങ്കെടുക്കും. വിവരങ്ങൾക്ക് ഫോൺ: 8971910472, 9482517360.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.