പൊടിപൊടിച്ച് ഓണാഘോഷം...
text_fieldsധ്വനി ഓണാഘോഷവും വാർഷികവും നടത്തി
ബംഗളൂരു: ധ്വനി ഓണാഘോഷവും പതിനാലാം വാർഷികവും നടത്തി. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടന്ന പരിപാടി എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും മുഖ്യാതിഥിയുമായ കെ. കവിത ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓണത്തിന്റെ വിവിധ സങ്കൽപങ്ങളെക്കുറിച്ച് കെ. കവിത പ്രഭാഷണം നടത്തി. ഡോ. ശ്രീലക്ഷ്മി വിശിഷ്ടാതിഥിയായിരുന്നു. ഇന്ദിര ബാലൻ അധ്യക്ഷത വഹിച്ചു. രാജമ്മ പിള്ള സ്വാഗതം പറഞ്ഞു. സുധ കരുണാകരൻ, ഡോ. ശ്രീലക്ഷ്മി, രശ്മി രാജ് എന്നിവർ സംസാരിച്ചു. ധ്വനിയിലെ മുതിർന്ന അംഗങ്ങളായ രാജമ്മ പിള്ള, രുഗ്മിണി കൃഷ്ണൻ, രേണുക വിജയനാഥ്, ശ്രീദേവി നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ തിരുവാതിര, ഗാനാലാപനം, കുറത്തി നൃത്തം, ദൃശ്യാവിഷ്കാരം, കവിതാലാപനം, സംഘഗാനം എന്നിവ അരങ്ങേറി. സാവിത്രി പരമേശ്വരൻ നന്ദി പറഞ്ഞു.
കൈരളി കലാസമിതി ആഘോഷം ഇന്ന്
ബംഗളൂരു: കൈരളി കലാസമിതിയുടെ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ എട്ടു മുതൽ 9.30വരെ പൂക്കളമത്സരം, 10 മുതൽ കൈരളി മഹിളാവേദി, യുവജനവേദി, കൈരളി നിലയം വിദ്യാർഥികൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ, തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടാകും. രാവിലെ 11.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നടനും എം.എൽ.എയുമായ മുകേഷ്, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, കെ.ആർ. പുരം മുൻ എം.എൽ.എ നന്ദിഷ റെഡ്ഡി എന്നിവർ അതിഥികളായി പങ്കെടുക്കും.
വൈകീട്ട് 3.30 മുതൽ കാസർകോട് നിലമംഗലം റോസ് റോക്കേഴ്സ് അവതരിപ്പിക്കുന്ന 25ൽപരം കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, കലാനിധി നൃത്യമന്ദിരം സ്നേഹ ദേവാനന്ദൻ ആൻഡ് ട്രൂപ്പിന്റെ നൃത്തം, സിനിമ പിന്നണി ഗായകരായ ഉണ്ണിമേനോൻ, ദുർഗ വിശ്വനാഥ് എന്നിവർ നയിക്കുന്ന മെഗാ ഗാനമേള എന്നിവയും അരങ്ങേറും.
കേരളസമാജം ദൂരവാണി നഗർ ഓണാഘോഷം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കും. സെപ്റ്റംബർ 30ന് വൈകീട്ട് നാലിന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കുന്ന സാഹിത്യസംവാദ പരിപാടിയിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10ന് ജൂബിലി കോളജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര കളിയോടെ ഓണാഘോഷ പരിപാടി ആരംഭിക്കും.
സമാജം നടത്തിയ വിവിധ ഓണാഘോഷ നൃത്ത-ഗാന മത്സരങ്ങളിലെ വിജയികളുടെ പ്രകടനവും സമാജം വനിത-യുവ വിഭാഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, കർണാടക- കേരള മന്ത്രിമാർ, കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ്, പ്രമുഖ സാഹിത്യകാരന്മാർ എന്നിവർ പങ്കെടുക്കും. തുടർന്ന് പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.
കുട്ടികളുടെ ആഘോഷം
ബംഗളൂരു: ആത്മവിദ്യാലയം പഠന ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഓണാഘോഷം ബാംഗ്ലൂർ സിദ്ധിവിനായക അയ്യപ്പ ക്ഷേത്രത്തിൽ 24ന് നടക്കും. രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന പരിപാടിയിൽ മടിവാള വാദ്യ കലാക്ഷേത്രയിലെ കുട്ടികളുടെ ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും. ദർശന ശേഷം കൊടിമരച്ചുവട്ടിൽ നാലു ടീമംഗങ്ങൾ തിരുവാതിര സമർപ്പിക്കും.
തുടർന്ന് നടക്കുന്ന ഓണാഘോഷ സമ്മേളനം കുട്ടികൾ നയിക്കും. അദ്വൈത മനോജ് അധ്യക്ഷത വഹിക്കും. വിഹാൻ എസ്.ആർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വർണിക, ഹരിപ്രിയ, യഷോണ, ഏകാഗ്രത, കൃതിക എന്നിവർ സംസാരിക്കും. ലീല ഗായത്രി സ്വാഗതവും ആദിത്യ മനോജ് നന്ദിയും പറയും.
വിവിധ കലാപരിപാടികൾ, ഓണ സദ്യ എന്നിവക്കുശേഷം ഉച്ചകഴിഞ്ഞ്, റൊട്ടി കടി, ലെമൺ സ്പൂൺ, ചാക്കിൽ കയറി ഓട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, മിഠായി പെറുക്കൽ, കസേരകളി, കുടം തല്ലിപ്പൊട്ടിക്കൽ, വടംവലി, ഫാമിലി ഗെയിം എന്നീ ഓണമത്സരങ്ങളും ഉണ്ടാകുമെന്ന് പൂജാരി മനോജ് കെ. വിശ്വനാഥൻ അറിയിച്ചു. ഫോൺ : 9341240876
ഡി.ആർ.ഡി.ഒ ഓണാഘോഷം
ബംഗളൂരു: ഡി.ആർ.ഡി.ഒയുടെ ഓണാഘോഷം സെപ്റ്റംബർ 23, 24 തീയതികളിൽ സി.വി. രാമൻ നഗറിലെ ഡി.ആർ.ഡി.ഒ കമ്യൂണിറ്റി ഹാളിൽ നടക്കും. 23ന് ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും മഞ്ചാടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഓണനിലാവും അരങ്ങേറും. 24 ന് പൂക്കള മത്സരം, ഓണസദ്യ എന്നിവയുണ്ടാകും. വൈകീട്ട് ആറിന് ആരംഭിക്കുന്ന സാംസ്കാരിക പരിപാടി നടനും കൊമേഡിയനുമായ രമേശ് പിഷാരടി ഉദ്ഘാടനം ചെയ്യും. ഗാനമേളക്ക് പിന്നണി ഗായകൻ സുദീപ് കുമാർ നേതൃത്വം നൽകും.
സെൻറ് ജോസഫ് മലങ്കര കാത്തലിക് ചർച്ച് ആഘോഷം
ബംഗളൂരു: മത്തിക്കരെ സെന്റ് ജോസഫ് മലങ്കര കാത്തലിക് ചർച്ച് ഒാണാഘോഷം ഞായറാഴ്ച നടക്കും. ജാലഹള്ളി ക്ലാരറ്റ് സ്കൂൾ മൈതാനത്ത് രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും ഓണസദ്യയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.