ഓണാഘോഷങ്ങളിലേക്ക് ചുവടുവെച്ച് നഗരം
text_fieldsബംഗളൂരു: തിരുവോണത്തിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ഓണാഘോഷങ്ങളിലേക്ക് ചുവടുവെച്ച് ബംഗളൂരു നഗരം. വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും കോളജുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഓണാഘോഷ പരിപാടികൾ നടക്കും. വിവിധ കായിക -കലാ മത്സരങ്ങളും സാംസ്കാരിക പരിപാടികളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. സിനിമ- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ആഘോഷത്തിന് തുടക്കം
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി ശോഭ സിലിക്കൺ ഒയാസിസ് അപാർട്ട്മെന്റ്സിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തിന് ശനിയാഴ്ച തുടക്കമായി. ആഘോഷ പരിപാടികൾ ഞായറാഴ്ചയും തുടരും. വടംവലി മത്സരം, ചാക്യാർകൂത്ത് തുടങ്ങിയവയുണ്ടാകും. ഓണസദ്യയും ഒരുക്കും. കലാപരിപാടികളോടെ ആഘോഷത്തിന് സമാപനമാവും.
ഹൊരമാവ് വിൻഡ് ഗേറ്റ്സ് അപ്പാർട്മെന്റിലെ ഓണാഘോഷത്തിന് ശനിയാഴ്ച തുടക്കമായി. രാവിലെ മുതൽ വിവിധ ഓണക്കളികളും വൈകീട്ട് കലാപരിപാടികളും അരങ്ങേറി. ഞായറാഴ്ച രാവിലെ 10ന് മാവേലിക്ക് വരവേൽപ് നൽകും. തുടർന്ന് സംഗീത പരിപാടി നടക്കും. ഓണസദ്യക്കു ശേഷം വടംവലി, കസേരക്കളി എന്നിവ നടക്കും. വൈകീട്ട് 4.30ന് പാൻ ഇന്ത്യൻ ഓർകസ്ട്ര അവതരണം നടക്കും.
ചന്താപുരയിലെ ഓണാഘോഷം ഇന്ന്
ബംഗളൂരു: ചന്താപുര പ്രദേശത്തെ മലയാളികളും വകീൽ വിസ്പ്പറിങ് ലേഔട്ടും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണാഘോഷം ഞായറാഴ്ച ചന്താപുര വകീൽ വിസ്പ്പറിങ് വുഡ്സ് ക്ലബ് ഹൗസിൽ നടക്കും. ആഘോഷത്തിൽ മലയാളികളെ കൂടാതെ ഇതര സംസ്ഥാനത്തുനിന്നുള്ള കുടുംബാംഗങ്ങളും ഒത്തുകൂടി സമുദായ ഐക്യത്തിനും സൗഹൃദത്തിനും വേദിയാകും.
രാവിലെ 10.30 മുതൽ രാത്രി 10.30 വരെ നീളുന്ന ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ഓണസദ്യ, ചെണ്ടമേളം, വടംവലി, ഉറിയടി തുടങ്ങി നിരവധി കേരളീയ കലാപരിപാടികളും മറ്റു സംസ്ഥാങ്ങളിൽ നിന്നുള്ളവരുടെ സിലമ്പാട്ടം, കഥക് തുടങ്ങി നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫോൺ: 88971 63767.
ബി.എം.ഡബ്ല്യു.എ ഓണാഘോഷം
ബംഗളൂരു: ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷന്റെ (ബി.എം.ഡബ്ല്യു.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഞായറാഴ്ച നടക്കും. ബെന്നാർഘട്ട കോളജിലെ എ.എം.സി കോളജിൽ അത്ത പൂക്കള മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷത്തിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാവും. മാജിക് പ്രദർശനം, മോട്ടിവേഷനൽ സ്പീച്ച്, വടംവലി, മറ്റു കലാകായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയുമുണ്ടാകും.
സാഞ്ചോ ക്ലബ് ഓണാഘോഷം
ബംഗളൂരു: ബാബുസപാളയ പ്രകൃതി ലേഔട്ടിലെ സാഞ്ചോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഞായറാഴ്ച നടക്കും. ഹൊരമാവ് അഗാര മുത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10.30ന് പരിപാടികൾക്ക് തുടക്കമാവും. അത്തപ്പൂക്കള മത്സരം, അഖിലേന്ത്യ വടംവലി മത്സരം, പുലിക്കളി, മറ്റു കലാപരിപാടികൾ എന്നിവയുണ്ടാകും.
സർജാപുര കരയോഗം ‘മാമാങ്കം’
ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക സ്പോർട്സ് ഫെസ്റ്റ് ‘മാമാങ്കം -2024’ ഞായറാഴ്ച നടക്കും. സർജാപുർ റോഡിലെ കൊടത്തി ഗേറ്റിലുള്ള സെൻറ് ജെറോം കോളജ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതു മുതൽ നടക്കുന്ന പരിപാടിയിൽ ഓണക്കളികളുൾപ്പെടെ നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കരയോഗം സെക്രട്ടറി ജയശങ്കർ അറിയിച്ചു. ഫോൺ: 9902733955
കേരള സമാജം ബംഗളൂരു നോർത്ത് വെസ്റ്റ് പൊതുയോഗം ഇന്ന്
ബംഗളൂരു: കേരള സമാജം ബംഗളൂരു നോർത്ത് വെസ്റ്റ് വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. രാവിലെ 10.30ന് സമാജം ഹാളിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ചിത്തരഞ്ജൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ബാലചന്ദ്രൻ നായർ, ട്രഷറർ സുഗതകുമാരൻ നായർ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.
നന്മ ബംഗളൂരു പൊതുയോഗം
ബംഗളൂരു: നന്മ ബംഗളൂരു കേരള സമാജം പൊതുയോഗം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് ബന്നാർഘട്ട റോഡ് കാളിയന അഗ്രഹാര എം.എൽ.എ ലേ ഔട്ട് അൽവർണ ഭവനിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ഹരിദാസൻ അധ്യക്ഷത വഹിക്കും. ഫോൺ: 8861418333
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.