ഓണം വരവായി... ഓണച്ചന്തകൾ സജീവം
text_fieldsബംഗളൂരു: പൊന്നോണത്തെ വരവേൽക്കാൻ കർണാടകയിലെ മലയാളികൾക്കിടയിലും ഓണച്ചന്തകൾ സജീവമായി. മലയാളി സംഘടനകൾക്കും കൂട്ടായ്മകൾക്കും കീഴിലും ആനേപ്പാളയം അയ്യപ്പ ക്ഷേത്രത്തിന് കീഴിലും ചന്തകൾ പ്രവർത്തിക്കും. മിക്ക ചന്തകളും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി പ്രവർത്തിക്കും.
കുറഞ്ഞ നിരക്കിൽ പച്ചക്കറികളും പഴങ്ങളും വറുത്തുപ്പേരി, ശർക്കര വരട്ടി തുടങ്ങി ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളും ചന്തയിലുണ്ടാകും. വിവിധ വനിത കൂട്ടായ്മകൾ ബംഗളൂരുവിൽനിന്നുതന്നെ തയാറാക്കിയ വിവിധയിനം അച്ചാറുകളും വിപണിയിലുണ്ടാവും. പായസമേളയും ചിലയിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.
കേരള സമാജം ദൂരവാണിനഗർ
ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ ഓണച്ചന്തയുടെ ഉദ്ഘാടനം വിജിനപുര ജൂബിലി സ്കൂളിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ നിർവഹിച്ചു. എൻ.ആർ ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ (സി.ബി.എസ്.ഇ) കൃഷ്ണമൂർത്തി ചന്ത ഉദ്ഘാടനം ചെയ്തു. രണ്ടിടത്തും നല്ല തിരക്ക് അനുഭവപ്പെടുന്നതായി സംഘാടകർ അറിയിച്ചു. മിതമായ നിരക്കിൽ മലയാളികൾക്ക് ഓണാഘോഷത്തിനാവശ്യമായ പഴം, പച്ചക്കറി, മറ്റു വിഭവങ്ങൾ എന്നിവ ലഭ്യമാക്കും. ഫോൺ: 8197018594, 9880230574.
മൈസൂരു കേരള സമാജം
ബംഗളൂരു: മൈസൂരു കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വിജയനഗറിലെ സമാജം കമ്യൂണിറ്റി ഹാളിൽ ഓണച്ചന്ത സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ ചന്ത പ്രവർത്തിക്കും. പായസമേളയും ഒരുക്കും. ഫോൺ: 9448143430.
സാന്ത്വനം അന്നസാന്ദ്രപാളയ
ബംഗളൂരു: സാന്ത്വനം അന്നസാന്ദ്രപാളയയുടെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിമാനപുര കൈരളി നിലയം സ്കൂളിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു. നാടൻ പച്ചക്കറികളും ബേക്കറി സാധനങ്ങളും മൺപാത്രങ്ങളുമെല്ലാം ലഭിക്കും. ഫോൺ: 9886865409.
ആനേപ്പാളയ അയ്യപ്പ ക്ഷേത്രം
ബംഗളൂരു: ആനേപ്പാളയ അയ്യപ്പ ക്ഷേത്രത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഓണച്ചന്ത സംഘടിപ്പിക്കും. ഓണാഘോഷ ഭാഗമായി സെപ്റ്റംബർ 10ന് രാവിലെ 10 മുതൽ നൗലസാന്ദ്ര ആൽഫ സ്കൂൾ മൈതാനത്ത് വിവിധ കലാ കായിക പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കോടിഹള്ളി അയ്യപ്പസേവ സമിതി
ബംഗളൂരു: കോടിഹള്ളി അയ്യപ്പസേവ സമിതിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അയ്യപ്പക്ഷേത്രം ഹാളിൽ ഓണച്ചന്ത സംഘടിപ്പിക്കും. 29ന് ഓണസദ്യയും ലഭ്യമാക്കും. ഫോൺ: 8792871862.
തിരുവാതിരക്കളി മത്സരം
ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ നേതൃത്വത്തിൽ മന്നം ട്രോഫിക്കായി കരയോഗങ്ങൾ തമ്മിലുള്ള തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഒന്നാം സ്ഥാനം ജാലഹള്ളി വെസ്റ്റ് കരയോഗം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ബേഗൂർ റോഡ് കരയോഗവും മൂന്നാം സ്ഥാനം വിജ്ഞാന നഗർ കരയോഗവും നേടി. ചെയർമാൻ ആർ. ഹരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നമിത ബാലഗോപാൽ, കവിത വസന്ത്, ശ്രീദേവി സുജിത് എന്നിവർ വിധികർത്താക്കളായി. ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസും സുരേന്ദ്രൻ തമ്പി, ബിനോയ് എസ്. നായർ, പ്രസീദ് കുമാർ, സജിത ശ്രീകുമാർ, കൃഷ്ണകുമാർ, എം.എസ്. ശിവപ്രസാദ് എന്നിവർ ജേതാക്കൾക്ക് കൈമാറി.
കൈരളി കൾചറൽ അസോസിയേഷൻ
ബംഗളൂരു: കാഡുഗൊഡിയിലെ കൈരളി കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ ഓണച്ചന്ത സംഘടിപ്പിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് ചന്ത പ്രവർത്തിക്കുക. 29ന് പൂക്കള മത്സരം നടക്കും. സെപ്റ്റംബർ ഒന്നിന് ഓണസദ്യ, വിവിധയിനം കലാപരിപാടികൾ എന്നിവ നടക്കും. ഫോൺ: 9844160929.
കർണാടക നായർ സർവിസ് സൊസൈറ്റി
ബംഗളൂരു: കെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗവും മഹിള വിഭാഗം ജനനിയും പട്ടേൽ കുളപ്പ റോഡിലുള്ള എം.എം.ഇ.ടി സ്കൂൾ അങ്കണത്തിൽ സംയുക്തമായി ഓണച്ചന്ത ഒരുക്കും.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയിൽ പച്ചക്കറികളും മഹിള വിഭാഗം തയാറാക്കിയ വിഭവങ്ങളും ലഭിക്കും. ഫോൺ: 9008087478.
കൊത്തനൂർ കരയോഗത്തിന്റെയും മഹിള വിഭാഗം സഖിയുടെയും നേതൃത്വത്തിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംഘടിപ്പിക്കും. കെ. നാരായണപുര മെയിൻ റോഡിലെ ഡോൺ ബോസ്കോ സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച രാവിലെ 10ന് ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, മഹിള വിഭാഗം തയാറാക്കിയ വിഭവങ്ങൾ എന്നിവ ലഭിക്കും. ഫോൺ: 9886649966.
കെ.എൻ.എസ്.എസ് മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണവിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. പതിനഞ്ചോളം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റുകൾ ശനിയാഴ്ച മുതലാണ് വിതരണം ചെയ്യുന്നത്. ഫോൺ: 8884500800.
ഡെക്കാൻ കൾചറൽ സൊസൈറ്റി
ബംഗളൂരു: ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ശനി, ഞായർ ദിവസങ്ങളിൽ നടക്കും. മൈസൂരു റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ജോസ് കെ. എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് ചന്ത പ്രവർത്തിക്കുക. ഫോൺ: 9845185326.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.