ഓൺലൈൻ ടാക്സി സർവിസ് ചാർജ്; ആപ് കമ്പനികളുടെ ഹരജി തള്ളി
text_fieldsബംഗളൂരു: ഓൺലൈൻ ടാക്സികളുടെ സർവിസ് ചാർജ് അഞ്ചുശതമാനമാക്കി നിജപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെയുള്ള ആപ് കമ്പനികളുടെ ഹരജി കർണാടക ഹൈകോടതി തള്ളി. സർവിസ് ചാർജ് നിശ്ചയിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ച് ഒലയുടെയും ഉബറിന്റെയും ഹരജി തള്ളിയത്.
കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശമനുസരിച്ച് 20 ശതമാനംവരെ സർവിസ് ചാർജ് ഈടാക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇതിനെ മറികടക്കുന്നതാണെന്നുമായിരുന്നു കമ്പനികളുടെ വാദം. യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായതോടെ 2022ലാണ് സർവിസ് ചാർജ് അഞ്ചുശതമാനത്തിന് മുകളിലാകരുതെന്ന ഉത്തരവ് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചത്.
ഓൺലൈൻ ടാക്സി ആപ്പുകളും സർക്കാറും തമ്മിൽ വിവിധ വിഷയങ്ങളിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായായിരുന്നു ഉത്തരവ്. സർവിസ് ചാർജ് നിജപ്പെടുത്തിയതോടെ യാത്രക്കാർക്ക് വലിയ നേട്ടമാണുണ്ടായത്. യാത്രാച്ചെലവ് ഒരു പരിധിവരെ കുറഞ്ഞിരുന്നു.
എന്നാൽ, സർവിസ് ചാർജ് കുറച്ചത് സമയവും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് വിവിധ നിരക്കുകൾ ഈടാക്കി മറികടക്കാനുള്ള ശ്രമമാണ് കമ്പനികൾ നടത്തിയത്. ഇതോടെ ഓൺലൈൻ ടാക്സികൾക്ക് സർക്കാർ മിനിമം ചാർജ് നിശ്ചയിക്കുകയും ചെയ്തു. അതേസമയം, ഓൺലൈൻ ടാക്സികൾ അമിത നിരക്ക് ഈടാക്കുന്നതായി ഇപ്പോഴും ആരോപണമുണ്ട്.
ബുക്ക് ചെയ്യുന്ന സമയമനുസരിച്ച് പലനിരക്ക് ഈടാക്കുന്നുവെന്നാണ് ആരോപണം. എന്നാൽ നിയമാനുസൃതമായ നിരക്കുമാത്രമേ ഈടാക്കുള്ളൂ എന്നാണ് കമ്പനിയുടെ വാദം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.