നിയമസഭയിൽ സ്പീക്കർക്കുനേരെ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; 10 എം.എൽ.എമാർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ബംഗളൂരുവിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാൻ സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും നടത്തിയ പ്രതിഷേധം ബുധനാഴ്ച നിയമസഭയെ പ്രക്ഷുബ്ധമാക്കി.
സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബിൽ കീറി ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലാമണിക്കു നേരെയെറിഞ്ഞു. ഇതോടെ അച്ചടക്ക ലംഘനത്തിന് 10 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു. ഡോ. സി.എൻ. അശ്വത് നാരായൺ, വി. സുനിൽ കുമാർ, ആർ. അശോക്, അരഗ ജ്ഞാനേന്ദ്ര, വേദവ്യാസ് കാമത്ത്, യശ്പാൽ സുവർണ, അരവിന്ദ് ബല്ലാഡ്, ദേവരാജ് മുനിരാജ്, ഉമാനാഥ് കൊട്ടിയാൻ, ഭരത് ഷെട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച നിയമസഭ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി.
എന്നാൽ, പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ യു.ടി. ഖാദർ അഞ്ചു ബില്ലുകൾ സഭയിൽ പാസാക്കി. തുടർന്ന് ഉച്ചഭക്ഷണത്തിന് പിരിയാതെതന്നെ ബജറ്റ് ചർച്ചക്ക് സമയമനുവദിച്ച് സ്പീക്കർ യു.ടി. ഖാദർ, ഡെപ്യൂട്ടി സ്പീക്കർക്ക് ചുമതല കൈമാറി. ഇതോടെ പ്രതിഷേധം കനപ്പിച്ച ബി.ജെ.പി അംഗങ്ങൾ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി ബില്ലുകൾ കീറിയെറിയുകയായിരുന്നു. താൻ ദലിത് സമുദായക്കാരനായതുകൊണ്ടാണ് ബി.ജെ.പി അംഗങ്ങൾ തന്നെ ലക്ഷ്യമിട്ടതെന്ന ആരോപണവുമായി ഡെപ്യുട്ടി സ്പീക്കർ രുദ്രപ്പ ലാമണിയും രംഗത്തുവന്നു. തുടർന്ന് സഭ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.