‘ദുരവസ്ഥയുടെ പുനർവായന’ സെമിനാർ സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ‘ദുരവസ്ഥയുടെ പുനർവായന’ എന്ന പ്രമേയത്തിൽ തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ആശാന്റെ ‘ദുരവസ്ഥ’ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തമാണെന്ന് അവതാരകൻ ഡെന്നിസ് പോൾ അഭിപ്രായപ്പെട്ടു. കാലത്തെ മുന്നോട്ടുപോകാൻ അനുവദിക്കാതെ സ്മൃതി കൊണ്ട് കോട്ട കെട്ടുന്ന വരേണ്യ വിഭാഗത്തെ വിമർശിച്ചുകൊണ്ടാണ് കുമാരനാശാൻ ദുരവസ്ഥ എന്ന കവിത ആരംഭിക്കുന്നതെന്നും, സാംസ്കാരിക സാമൂഹിക രംഗം ഇന്ന് അന്നത്തേക്കാൾ കൂടുതൽ ഇരുളടഞ്ഞതാണെന്നും അതുകൊണ്ട് ദുരവസ്ഥയുടെ പുനർവായന പ്രസക്തമാണെന്നും ഡെന്നിസ് പോൾ പറഞ്ഞു.
കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ജാതീയതയുടെ ശേഷിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നിടത്താണ് ദുരവസ്ഥയുടെ കാലികപ്രസക്തിയെന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.എസ്. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒരു കൃതിയുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത്, അത് രചിക്കപ്പെട്ട കാലഘട്ടത്തെയും സംസ്കാരത്തെയുമൊക്കെ എത്രത്തോളം സജീവമായി പ്രതിഫലിപ്പിക്കുന്നു എന്നിടത്താണ്. കാലത്തെ എത്രത്തോളം ഫലപ്രദമായി വെല്ലുവിളിക്കുന്നു എന്നതും പരമപ്രധാനമാണ്. അങ്ങനെ നോക്കിയാൽ പുതിയ കാലത്തെ ഏറ്റവും കാലികനും കാലാതീതനുമായ കവി ആശാൻ തന്നെയാണെന്ന് നിസ്സംശയം പറയാമെന്ന് അദ്ദേഹം വിലയിരുത്തി.
കാരുണ്യ ബംഗളൂരു ഹാളിൽ നടന്ന പരിപാടിയിൽ ടി. എം. ശ്രീധരൻ, ആർ. വി. പിള്ള, സി. ജേക്കബ്, സി. കുഞ്ഞപ്പൻ, പി. കെ. കേശവൻ നായർ, പൊന്നമ്മ ദാസ്, ലക്ഷ്മി മധുസൂദനൻ, തങ്കമ്മ സുകുമാരൻ, ശ്രീകണ്ഠൻ നായർ, ആർ. പ്രഹ്ലാദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.