കർണാടകയിലെ ഇതര ഭാഷക്കാർ വീടിനുപുറത്ത് കന്നട ശീലിക്കണം -മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിലെ ഇതരഭാഷക്കാർ വീടിന് പുറത്തുള്ള ആശയ വിനിമയത്തിന് കന്നട ഉപയോഗിക്കാൻ ശീലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗോകക് ഭാഷ പ്രക്ഷോഭത്തിന്റെ സ്മരണ പുതുക്കി റെയ്ച്ചുർ കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു എന്ന പേരുമാറ്റി കർണാടകം നിലവില്‍ വന്നതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിരുന്നു സെമിനാർ. കന്നടഭാഷക്ക് പ്രാധാന്യം ലഭിച്ചേ മതിയാകൂ. അതിനുപക്ഷേ, ഗോകക് പോലുള്ള പ്രക്ഷോഭങ്ങളല്ല വേണ്ടത്. ഓരോ കന്നടിഗരും ഭാഷയുടെ സംരക്ഷണത്തിനായി മുന്നോട്ടുവരണം.
ഔദ്യോഗിക കാര്യങ്ങള്‍ പൂർണമായും കന്നടയിലാക്കാനുള്ള തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കേണ്ടതുണ്ട്. ഇതരഭാഷക്കാർ കന്നട പഠിക്കാൻ ഉത്സാഹിക്കണം. 1983ല്‍ ആണ് താൻ ആദ്യമായി എം.എല്‍.എയായത്. അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേ രൂപം കൊടുത്ത കന്നട വികസന സമിതിയുടെ പ്രഥമ അധ്യക്ഷനായി നിയോഗിച്ചത് തന്നെയായിരുന്നു. അക്കാലം മുതല്‍ കേന്ദ്രത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കുമൊഴികെയുള്ള എഴുത്തുകുത്തുകളെല്ലാം താൻ കന്നടയിലാണ് നടത്തുന്നത്. ഒപ്പിടുന്നതും കന്നടയിൽ തന്നെ -സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.