ഫലസ്തീൻ ജനതക്കായി സർവമത പ്രാർഥന സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ബംഗളൂരു ഫ്രീഡം പാർക്കിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി മതങ്ങൾക്കപ്പുറം മാനുഷികതയുടെ വിളംബരമായി മാറി. തങ്ങൾ ഏത് മതത്തിൽപെട്ടവരായാലും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരാണെന്നും ഫലസ്തീനൊപ്പം നിലകൊള്ളുന്നുവെന്നും ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവർ നിലപാട് വ്യക്തമാക്കി. മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധർ, ജൂതർ, സൂഫിസം തുടങ്ങി വിവിധ മതങ്ങളിലും ആശയധാരകളിലും പെട്ടവർ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ ‘ബ്രിഡ്ജിങ് ഫെയ്ത്ത് ഫോർ ഫലസ്തീൻ’ എന്ന തലക്കെട്ടിൽ ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ഫ്രീഡം പാർക്കിൽ ഒന്നിച്ചണിനിരന്നു.
പ്രാർഥനകളും അധിനിവേശ വിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി 200ഓളം പേർ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു. ഫലസ്തീനിൽ കൂട്ടക്കൊല നടത്തുന്ന ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യൻ സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്രായേലുമായുള്ള ആയുധ ഇടപാട് അടക്കം എല്ലാ ബന്ധവും ഇന്ത്യ ഉപേക്ഷിക്കണമെന്നും വിഷയം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇസ്രായേലിന് ആയുധം നൽകുന്നത് രാജ്യ താൽപര്യത്തിന്റെ ഭാഗമായാണെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വെളിപ്പെടുത്തിയത്. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളും നമ്മുടെ ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനും ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളാനും രാജ്യത്തിന് ബാധ്യതയുണ്ടെന്ന് പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്കായി സർവമത പ്രാർഥന നടന്നു. ദേശീയതലത്തിൽ വിവിധ നഗരങ്ങളിലും ഐക്യദാർഢ്യ പരിപാടി അരങ്ങേറി.
ജൂത വിദ്യാഭ്യാസ പ്രവർത്തകയായ മേഴ്സി ന്യൂമാൻ ഫലസ്തീൻ ജനതക്കായി ഹീബ്രുവിൽ പ്രാർഥന നടത്തി. ലോകമെമ്പാടുമുള്ള ജൂത പ്രസ്ഥാനങ്ങൾ ഇസ്രായേലിന്റെ അധിനിവേശ ഭരണത്തിനെതിരാണെന്ന് അവർ ചൂണ്ടിക്കാട്ടി. മാർത്തോമ വിശ്വാസികളായ റവ. വിനയ് രാജ്, റവ. ചിത്ര, റവ. സോഫി, റവ. ഇമ്മാനുവേൽ, ശിയ പണ്ഡിതരായ നീലസാന്ദ്ര മസ്ജിദ് ഇമാം മൗലാന ഖാഇം അബ്ബാസ്, മൗലാന അലി ബഖർ, ലിംഗായത്ത് പ്രതിനിധി ഗുരു ബസവ, ബുദ്ധ സന്യാസിയായ ബന്ദെ താഷി, സൂഫി സന്യാസി വാലി ബാ, ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി മൗലാന വഹീദുദ്ദീൻ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ഫലസ്തീനിൽ ഇസ്രായേലിനെതിരെ നടക്കുന്ന പോരാട്ടത്തെ പലപ്പോഴും മുസ്ലിം- ജൂത പോരാട്ടമായാണ് പലരും പൊതുവെ കാണാറുള്ളതെന്നും എന്നാൽ, ഇസ്രായേൽ ഭരണത്തിന് കീഴിൽ കഴിഞ്ഞ എട്ടു ദശാബ്ദത്തോളമായി വിവിധ മതക്കാർ അടിച്ചമർത്തപ്പെട്ട് കഴിയുകയാണെന്നും പ്രതിഷേധക്കാർ അറിയിച്ചു.
ഇന്ത്യയിൽ മുഖ്യധാര മാധ്യമങ്ങൾ, ഫലസ്തീൻ വിഷയത്തെ മുസ്ലിം പ്രശ്നമായും അറബ് ലോകത്തെ പ്രശ്നമായുമാണ് ചിത്രീകരിക്കുന്നത്. ഫലസ്തീനെതിരായ ആക്രമണം ഇപ്പോൾ സിറിയ, ലബനാൻ, ഇറാൻ, ജോർഡൻ എന്നിവിടങ്ങളിലേക്കും ഇസ്രായേൽ വ്യാപിപ്പിച്ചിരിക്കുകയാണെന്നും ഹിന്ദുത്വ, സയണിസ്റ്റ് ആദർശങ്ങൾ തമ്മിൽ സാമ്യതകൾ ഏറെയാണെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.