പല്ലുവും ഹിജാബും ഒരുപോലെ -സി.എം. ഇബ്രാഹിം
text_fieldsബംഗളൂരു: ഹിന്ദുമത വിശ്വാസികളായ ചില സ്ത്രീകൾ സാരിയുടെ തലപ്പ് കൊണ്ട് തല മറയ്ക്കുന്നതുപോലെ തന്നെ മുസ്ലിം സ്ത്രീകൾ തലമറയ്ക്കുന്നതും ഇന്ത്യയുടെ സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാഗമാണെന്ന് കർണാടക ജെ.ഡി.എസ് പ്രസിഡന്‍റ് സി.എം. ഇബ്രാഹിം പറഞ്ഞു. സാരിത്തലപ്പുകൊണ്ട് സ്ത്രീകൾ തലമറക്കുന്നതിനെ 'പല്ലു' എന്നാണ് പറയുക. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇത്തരത്തിൽ പല്ലു ധരിക്കാറുണ്ടായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും ഇങ്ങനെ ചെയ്യറാറുണ്ട്. ഹിജാബും പല്ലുവും ഒരുപോലെയാണ്. തലമറയ്ക്കുന്നതിനെ ചിലർ പല്ലു എന്നും മറ്റു ചിലർ ഹിജാബ് എന്നും പറയുന്നു. രാജസ്ഥാനിലെ രജ്പുത് സ്ത്രീകൾ തങ്ങളുടെ മുഖം കാണിക്കാറില്ല. അവർ സാരിത്തലപ്പ് കൊണ്ട് തലയും മുഖവും മറയ്ക്കാറുണ്ട്. ഇതിനെതിരെ ഒരു നിയമം കൊണ്ടുവരാനാകുമോ എന്നും സി.എം. ഇബ്രാഹിം ചോദിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് അണിഞ്ഞ മുസ്ലിം പെൺകുട്ടികളോടൊപ്പം രാഹുൽഗാന്ധി നടക്കുന്നതിന്‍റെ ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഹിജാബിനെ മഹത്ത്വവത്കരിക്കുകയാണ് രാഹുൽ ചെയ്യുന്നത് എന്നായിരുന്നു ട്വിറ്ററിലൂടെ സി.ടി. രവി പറഞ്ഞത്. ഇതിന് മറുപടിയായാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സി.എം. ഇബ്രാഹിം ഹിജാബും പല്ലുവും ഒരുപോലെയാണെന്ന് പറഞ്ഞത്.
പല്ലു എന്നോ ഹിജാബ് എന്നോ വിളിച്ചാലും തലമറയ്ക്കുകയാണ് ചെയ്യുന്നത്. ചിലർ ഹിന്ദിയിൽ വെള്ളത്തിന് പാനി എന്നും ഇംഗ്ലീഷിൽ വാട്ടർ എന്നും പറയുന്നു. പക്ഷേ, വെള്ളം വെള്ളം തന്നെയാണെന്നും സി.എം. ഇബ്രാഹീം പറഞ്ഞു. ഹിജാബ് ധരിച്ച ആറ് മുസ്‍ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേഷധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ മുസ്ലിം വിദ്യാർഥിനികളടക്കം നൽകിയ ഹരജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. സിഖുകാർക്ക് പഗ്ഡി, ഹിന്ദുക്കൾക്ക് തിലകം, ക്രിസ്ത്യാനികൾക്ക് കുരിശ് തുടങ്ങിയ മറ്റു മതപരമായ അടയാളങ്ങൾ നിരോധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മതപരമായ വസ്ത്രമെന്ന നിലയിൽ ഹിജാബിന്‍റെ വിലക്ക് വിവേചനപരമാണെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്നാണ് കപിൽ സിബൽ അടക്കമുള്ള മുതിർന്ന അഭിഭാഷകർ ആവശ്യപ്പെടുന്നത്. ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെതുടർന്ന് കർണാടകയിൽ 17,000 വിദ്യാർഥിനികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് മുസ്ലിം വിദ്യാർഥിനികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.