മുസ്ലിം പുരോഗതിക്കായി സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം -പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsബംഗളൂരു: മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കായി മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് യൂത്ത് ലീഗ് കേരള പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖലയുടെ ആഭിമുഖ്യത്തിൽ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബംഗളൂരു റമദാൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം സംഘടനകൾക്ക് ധാരാളം വിഭവശേഷിയുണ്ട്. വിവിധ മേഖലകളിൽ ധാരാളം ഇടപെടലുകൾ നടത്തുന്ന ഈ സംഘടനകൾ ഇത്തരം വേദികളിൽ ഒന്നിക്കണം. ഉത്തമസമൂഹമായി മാറാൻ മുസ്ലിം സമൂഹം പണിയെടുക്കണം.
സംസ്കരണം വ്യക്തിയിൽ മാത്രമല്ല; കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കും. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് ജനാധിപത്യവിശ്വാസിയുടെ കടമ. തെരഞ്ഞെടുക്കപ്പെട്ടവർ അയോഗ്യരാക്കപ്പെടുകയും രാജ്യത്ത് ജനാധിപത്യം സങ്കൽപമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, മതേതര ചേരി രൂപപ്പെടുത്തുകയും ആശയപരമായും രാഷ്ട്രീയപരമായും പോരാട്ടം രൂപപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി. ആരിഫലി റമദാൻ സംഗമം ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളുടെ കുത്തൊഴുക്കിനിടെ ഇന്ത്യയിൽ ഇസ്ലാമിക നവോത്ഥാനത്തിന് തുടക്കമിടാൻ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നാം നമ്മുടെ കുടുംബം’ വിഷയത്തിൽ പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂർ, ‘വിശ്വാസിയുടെ ജീവിതം’ വിഷയത്തിൽ സോളിഡാരിറ്റി കേരള പ്രസിഡന്റ് സി.ടി. സുഹൈബ് എന്നിവർ പ്രഭാഷണം നടത്തി.
‘ഖുർആനിലൂടെ ഹൃദയങ്ങളിലേക്ക്’ സെഷൻ ഡോ. വി.എം. സഫീർ നയിച്ചു. പാനൽ ചർച്ചയിൽ സി.ടി. സുഹൈബ്, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. റമീസ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കോഴിക്കോട് ജില്ല പ്രസിഡന്റ് ആയിശ ഹബീബ എന്നിവർ പങ്കെടുത്തു. ബംഗളൂരു മേഖല ജനറൽ സെക്രട്ടറി നിഖിൽ ഇഖ്ബാൽ ചർച്ച നിയന്ത്രിച്ചു. ‘മൂസ സാഹിബ് മഹാനഗരത്തിൻ സ്പന്ദനം’ സ്മരണിക പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആദ്യ കോപ്പി ഡോ. പി. നസീറിന് കൈമാറി പ്രകാശനം ചെയ്തു. സ്മരണികയുടെ അണിയറ ശിൽപികളായ മുഹമ്മദ് കുനിങ്ങാട്, അബ്ദുൽ മജീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് റഹിം കോട്ടയം അധ്യക്ഷതവഹിച്ചു. എൻ.എം. അബ്ദുറഹ്മാൻ, ഡോ. മുഹമ്മദ് സാദ് ബെലഗാമി, ഡോ. താഹ മതീൻ, ഹസൻ പൊന്നൻ, അഡ്വ. ടി. ഉസ്മാൻ, ടി.സി. സിറാജ്, യു.പി. സിദ്ദീഖ്, കെ.വി. ഖാലിദ്, ഡോ. വി.എം. സഫീർ, ഡോ. പി. നസീർ, ഇബ്രാഹിംകുട്ടി, എ.എ. മജീദ് തുടങ്ങിയവർ സംബന്ധിച്ചു. അസ്ലം എ. റഹീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.