പേയിങ് ഗെസ്റ്റ് ഉടമകൾ നിര്‍ബന്ധിത ട്രേഡ് ലൈസന്‍സ് എടുക്കണം
text_fieldsബംഗളൂരു: ബംഗളൂരുവിലെ പേയിങ് ഗെസ്റ്റ് (പി.ജി) ഉടമകൾ ബി.ബി.എം.പിയില്‍നിന്ന് നിര്‍ബന്ധിത ട്രേഡ് ലൈസന്‍സ് എടുക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ നിര്‍ദേശിച്ചു. പി.ജികളില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉടമകള്‍ ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താമസസ്ഥലത്ത് എത്തുന്ന എല്ലാ വ്യക്തികളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളും പുതിയ ഫോട്ടോകളും ശേഖരിക്കണം. രക്തബന്ധമുള്ളവരുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ സഹിതം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തണം.
സന്ദര്‍ശകര്‍ക്കായി പ്രത്യേക വിസിറ്റിങ് ബുക്ക് സൂക്ഷിക്കാനും പൊലീസ് നിര്‍ദേശിച്ചു. പി.ജികളിൽ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും തീപിടിത്തം നേരിടാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നൽകി.
അവശ്യ സേവനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ റിസപ്ഷനിൽ പ്രദര്‍ശിപ്പിക്കുക, പ്രാഥമിക ശുശ്രൂഷ കിറ്റുകൾ ലഭ്യമാക്കുക, പാചകക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും പൊലീസ് വെരിഫിക്കേഷന് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുക, താമസക്കാരുടെ വിലാസം പരിശോധിച്ച് രക്തബന്ധമുള്ളവരെക്കുറിച്ച വിവരങ്ങള്‍ നേടിയതിനുശേഷം മാത്രം പ്രവേശനം അനുവദിക്കുക തുടങ്ങിയവയും നിർദേശത്തിലുണ്ട്. പി.ജിയില്‍ താമസിക്കുന്ന വിദേശപൗരന്മാരുടെ കാര്യത്തില്‍ ലോക്കല്‍ പൊലീസിന് നേരിട്ടോ ഓണ്‍ലൈനായോ വിവരങ്ങള്‍ നല്കാന് ഉടമകളോട് നിര്‍ദേശിച്ചു.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിച്ചുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കണമെന്നും സുരക്ഷ സംവിധാനങ്ങളുടെ അഭാവംമൂലം എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.