വൈദ്യുതി നിരക്കിൽ ‘ഷോക്കടിച്ച്’ ജനം; ഏഴു ലക്ഷത്തിന്റെ ബില്ല്
text_fieldsബംഗളൂരു: ജൂൺ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ലുകൾ കണ്ട് ഞെട്ടുകയാണ് സംസ്ഥാനത്തെ പലരും. പലർക്കും വൻനിരക്ക് രേഖപ്പെടുത്തിയ ബില്ലുകളാണ് വന്നിരിക്കുന്നത്. യൂനിറ്റിന് ഏഴുപൈസയായി സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതും കഴിഞ്ഞ മാസങ്ങളിലെ വർധിപ്പിച്ച നിരക്കും ഈടാക്കുന്നതിനാലാണ് ജൂണിലെ ബില്ല് കൂടുന്നതെന്നും അടുത്ത മാസങ്ങളിൽ സാധാരണരൂപത്തിൽ ആകുമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, വൈദ്യുതിനിരക്ക് 50 ശതമാനം വര്ധിപ്പിച്ചെന്നതരത്തിലുള്ള സന്ദേശം സമൂഹ മാധ്യമഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇതില്‍ സത്യമില്ലെന്നും വകുപ്പ് വ്യക്തമാക്കി. ഏപ്രില്‍ മുതലുള്ള വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിയതും മാര്‍ച്ചില്‍ അധികമായി വൈദ്യുതി വാങ്ങേണ്ടിവന്നതുമാണ് നിരക്ക് വര്‍ധനവിന് കാരണമായി വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് അവസാനത്തോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങുക. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മുന്‍കൂര്‍ പ്രാബല്യത്തോടെ തെരഞ്ഞെടുപ്പിന് ശേഷം മേയ് 12നാണ് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയുള്ള ഈ വര്‍ധനവ് ജൂണിലെ ബില്ലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം മാര്‍ച്ചില്‍ അധികമായി വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ തുകയും ഈടാക്കി. ഇതാണ് വൈദ്യുതി ബില്ല് വര്‍ധനവിനിടയാക്കിയത്. വരും മാസങ്ങളില്‍ ബില്‍ സാധാരണ നിലയിലാകും. 200 യൂനിറ്റുവരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്ന ഗൃഹജ്യോതി പദ്ധതിയനുസരിച്ചുള്ള ഇളവ് ആഗസ്റ്റില്‍ ലഭിക്കുന്ന ബില്ലിലാണ് കാണാൻ കഴിയുകയെന്നും അധികൃതര്‍ അറിയിച്ചു.
ഏഴു ലക്ഷത്തിന്റെ വൈദ്യുതി ബില്ല്!
മംഗളൂരുവിലെ ഉള്ളാളിലെ വീട്ടുകാർക്ക് ലഭിച്ച ബില്ല് കണ്ട് അവർ ശരിക്കും ഞെട്ടി. ഇവിടുത്തെ ആചാര്യ, ഭാര്യ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. സാധാരണഗതിയിൽ 3000 രൂപയുടെ ബില്ലാണ് ഇവർക്ക് ലഭിക്കാറുള്ളത്. എന്നാൽ, ഏഴ ലക്ഷം രൂപ രേഖപ്പെടുത്തിയ ബില്ലാണ് ഇവർക്ക് ജൂൺമാസത്തേതായി കിട്ടിയിരിക്കുന്നത്.
മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (മെസ്കോം) ആണ് ബില്ല് നൽകിയിരിക്കുന്നത്.771072 രൂപ അടക്കണമെന്നാണ് ബില്ലിലുള്ളത്. എന്നാൽ, ഇത് സാങ്കേതിക പിഴവ് ആണെന്ന് മെസ്കോം അറിയിച്ചു. പരാതി വന്നതോടെ വീട്ടുകാർക്ക് 2833 രൂപ രേഖപ്പെടുത്തിയ ശരിയായ ബില്ല് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.