ജനം പൊറുക്കില്ല -ജഗദീഷ് ഷെട്ടാർ; ബി.ജെ.പി അനീതി കാട്ടി
text_fieldsഹുബ്ബള്ളി (കർണാടക): ജഗദീഷ് ഷെട്ടാർ... കർണാടക മുൻ മുഖ്യമന്ത്രി, ബി.ജെ.പിയുടെയും സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തിന്റെയും നേതാവ്. ഇദ്ദേഹം ബി.ജെ.പി വിട്ട് സിറ്റിങ് സീറ്റായ ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. തോൽപിക്കാൻ സകല അടവും പുറത്തെടുക്കുകയാണ് ബി.ജെ.പി. വിജയിപ്പിക്കുകയെന്നത് കോൺഗ്രസിന്റെ അഭിമാനപ്രശ്നവും. ഇതോടെ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമായി ഇതുമാറി. മഹേഷ് തെങ്കിനയിയാണ് ബി.ജെ.പി സ്ഥാനാർഥി. ഹുബ്ബള്ളിയിലെ വസതിയിൽ ഷെട്ടാർ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
ബി.ജെ.പി വിടാനുള്ള യഥാർഥ കാരണം?
ആറുതവണ വൻഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിച്ചയാളാണ് ഞാൻ. എന്നാൽ സീറ്റ് നിഷേധിച്ച് ബി.ജെ.പി അനീതി കാണിച്ചു. എന്ത് കുറ്റമാണ് എനിക്കുള്ളതെന്ന് പാർട്ടി പറയണം. ഒരു തരത്തിലുള്ള അഴിമതി ആരോപണവുമില്ല. ക്രിമിനൽ കേസോ അത്തരത്തിലുള്ള പശ്ചാത്തലമോ ഇല്ല. താൻ മത്സരിക്കാൻ കൊള്ളില്ലെന്ന് പാർട്ടി സർവേയിൽ തെളിഞ്ഞോ. ഇക്കാര്യത്തിൽ ബി.ജെ.പി മറുപടി പറഞ്ഞേ തീരൂ.
ആരാണ് ഇതിന് പിന്നിൽ?
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ വ്യക്തിതാൽപര്യമാണ് കാരണം. തനിക്കെതിരായ നീക്കത്തിന് പിറകിൽ സന്തോഷാണ്.
മണ്ഡലത്തിലെ സാധ്യത? വിജയപ്രതീക്ഷ?
ബി.ജെ.പി എല്ലാ നീക്കവും തനിക്കെതിരെ നടത്തുന്നുണ്ട്. മണ്ഡലത്തെ ബി.ജെ.പിയുടെ മേഖലയായി മാറ്റിയത് ജഗദീഷ് ഷെട്ടാറാണെന്ന് ജനങ്ങൾക്കറിയാം. ജനങ്ങളുമായി ആഴത്തിലുള്ള ഹൃദയബന്ധമാണ് എനിക്കുള്ളത്. 1957ൽ കോൺഗ്രസ് നേതാവ് എം.ആർ. പാട്ടീലും ’72ലും ’89ലും ഗോപിനാഥ് സാന്ദ്രയും ഇവിടെ ജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പിതാവ് ബൊമ്മൈ ജനതപാർട്ടിയുടെ ബാനറിൽ ’78, ’83, ’85 വർഷങ്ങളിലും വിജയിച്ചു. എന്നാൽ മണ്ഡലത്തിൽ ആറുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്, അതും വൻ ഭൂരിപക്ഷത്തിൽ ജയിച്ചത് ജഗദീഷ് ഷെട്ടാറാണ്. ’94ലാണ് ആദ്യമായി ജയിക്കുന്നത്. മണ്ഡലത്തിലുടനീളം യാത്ര ചെയ്താണ് ബി.ജെ.പിയെ വളർത്തിയത്. അങ്ങനെയുള്ള ഷെട്ടാറിനോട് അവർ അനീതി ചെയ്തുവെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ജയം സുനിശ്ചിതമാണ്. ലിംഗായത്ത് സമുദായം മാത്രമല്ല, എല്ലാ വിഭാഗം ആളുകളും എന്നെ പിന്തുണക്കുന്നുണ്ട്. മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി അത് ലിംഗായത്തുകൾക്ക് നൽകിയത് ബി.ജെ.പിക്ക് ഗുണം ചെയ്യില്ല.
പാർട്ടിമാറ്റം ആശയപരമാണോ?
കോൺഗ്രസ് ദേശീയപാർട്ടികയാണ്. ജനാധിപത്യപാർട്ടിയാണ്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ 17 എം.എൽ.എമാരെ അടർത്തിയെടുത്തപ്പോൾ ബി.ജെ.പിയുടെ ആദർശം എവിടെയായിരുന്നു. ക്രിമിനൽ കേസുള്ള എത്രയോ നേതാക്കൾ ബി.ജെ.പിയിൽ മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് സർക്കാർ വരുമോ?
ബി.ജെ.പി സർക്കാർ വൻപരാജയമാണ്. വിലക്കയറ്റം അതിരൂക്ഷമാണ്. തൊഴിലില്ലായ്മയും അഴിമതിയും രൂക്ഷമാണ്. ജനം എല്ലാം വിലയിരുത്തുന്നുണ്ട്. 130ലധികം സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.